വിനോദയാത്രയ്ക്കിടെ കാലിഫോർണിയയിലെ റാറ്റിൽസ്നേക്ക് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് ഹൈക്കർമാർ മുങ്ങിമരിച്ചു. ജൂൺ 18-ന് സോഡാ സ്പ്രിംഗ്‌സിലെ ഉൾവനത്തിലേക്ക് കാൽനടയായി യാത്ര തിരിച്ച ആറ് പേരിൽ മൂന്ന് പേരാണ് ദാരുണമായി മരിച്ചത്. വാളന്റീനോ ക്രൂസ് (50), മാത്യു ഷോനെക്കർ (50), മാത്യു ആന്റണി (44) എന്നിവരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അങ്ങേയറ്റം ദുർഘടമായ പാതയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായി. ശക്തമായ കാറ്റും കാഴ്ച്ച മങ്ങുന്നതും കാരണം തിരച്ചിൽ പലതവണ നിർത്തിവെക്കേണ്ടി വന്നു. കാലിഫോർണിയ ഹൈവേ പട്രോൾ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് അവശേഷിച്ച മൂന്ന് ഹൈക്കർമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. റാറ്റിൽസ്നേക്ക് വെള്ളച്ചാട്ടത്തിലെ ജലനിരപ്പ് അപകടകരമാംവിധം തണുപ്പുള്ളതാണെന്ന് പ്ലേസർ കൗണ്ടി ഷെരീഫ് ഓഫീസ് മുന്നറിയിപ്പ് നൽകി.
മഞ്ഞുമൂടിയ പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതിനാൽ വടക്കൻ കാലിഫോർണിയയിലെ തടാകങ്ങളിലെയും വെള്ളച്ചാട്ടങ്ങളിലെയും ജലത്തിന് അപകടകരമാംവിധം തണുപ്പുണ്ടാകും. ഇത് ‘കോൾഡ് ഷോക്ക്’ അഥവാ ‘ഹൈപ്പോഥെർമിയ’ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ബോധക്ഷയവും മരണവും വരെ സംഭവിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സമാനമായ അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് പ്ലേസർ കൗണ്ടി നിവാസികളോട് അധികൃതർ ആവശ്യപ്പെട്ടിട്ടു.



