ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ അമേരിക്കൻ സേനയുടെ ആക്രമണത്തെ തുടർന്ന് ആഗോള എണ്ണവില കുതിച്ചുയർന്നു. അന്താരാഷ്ട്ര നിലവാരമായ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 2.6 ശതമാനം വർധിച്ച് ബാരലിന് 79 ഡോളറിലെത്തി. അമേരിക്കൻ ക്രൂഡിന്റെ വിലയും 2.6 ശതമാനം കൂടി ബാരലിന് 75.76 ഡോളറായി ഉയർന്നു. ഇതോടൊപ്പം അമേരിക്കൻ ഓഹരി വിപണികളുടെ ഫ്യൂച്ചർ വ്യാപാരവും ഇടിവ് രേഖപ്പെടുത്തി.
ശനിയാഴ്ച അമേരിക്കൻ സേന ഇറാനിലെ മൂന്ന് ആണവ-സൈനിക കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തിയതോടെ ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ തീവ്രത കൂടുതൽ വർധിച്ചിരിക്കുകയാണ്. ജൂൺ 13 ന് ഇറാനിൽ നടത്തിയ ഇസ്രായേലി ആക്രമണത്തോടെ ആരംഭിച്ച ഈ സംഘർഷം ആഗോള എണ്ണവിലയിൽ നിരന്തര ഏറ്റക്കുറച്ചിലുകൾക്ക് കാരണമായി. ഇത് അമേരിക്കൻ ഓഹരി വിപണിയെയും ബാധിച്ചിട്ടുണ്ട്. ഇറാൻ ഒരു പ്രധാന എണ്ണ ഉത്പാദക രാജ്യമാണെന്നും ലോകത്തിന്റെ ഭൂരിഭാഗം ക്രൂഡ് ഓയിലും കടന്നു പോകുന്ന ഹോർമുസ് കടലിടുക്കിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നതെന്നും വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചില വിദഗ്ധർ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള സാധ്യത കുറവാണെന്ന് വിലയിരുത്തുന്നു. കാരണം ഇറാൻ സ്വന്തം എണ്ണ കയറ്റുമതിക്കും ഈ പാതയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ മറ്റ് വിദഗ്ധർ രാജ്യങ്ങൾ എപ്പോഴും യുക്തിസഹമായി പ്രവർത്തിക്കില്ലെന്നും രാഷ്ട്രീയമോ വൈകാരികമോ ആയ കാരണങ്ങളാൽ ഇറാൻ പ്രതികാര നടപടികളിലേക്ക് പോകാമെന്നും മുന്നറിയിപ്പ് നൽകുന്നു. ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചു പൂട്ടിയാൽ എണ്ണവില ബാരലിന് 120-130 ഡോളറിലെത്തുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്.
ഏഷ്യൻ വിപണികളിലും ഈ സംഘട്ടനത്തിന്റെ പ്രതിഫലനം കാണാൻ കഴിയുന്നു. ടോക്കിയോയിലെ നിക്കി 225 സൂചിക 0.6 ശതമാനം ഇടിഞ്ഞു. തായ്‌വാനിലെ തായ്‌എക്സ് 1.5 ശതമാനവും ദക്ഷിണ കൊറിയയിലെ കൊസ്പി 1 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യങ്ങളാണ് തായ്‌വാനും ദക്ഷിണ കൊറിയയും.
ഓസ്‌ട്രേലിയയിലെ എസ് ആന്റ് പി/എഎസ്എക്സ് 0.7 ശതമാനവും ന്യൂസിലൻഡിലെ ബെഞ്ച്മാർക്ക് 0.5 ശതമാനവും ഇടിഞ്ഞു.



