ഒമ്പത് വർഷക്കാലം എൽഡിഎഫിനൊപ്പം നിന്ന മണ്ണാണ് ഇപ്പോൾ ആര്യാടൻ ഷൗക്കത്ത് കോൺഗ്രസിനും യുഡിഎഫിനും വേണ്ടി തിരിച്ചുപിടിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്. 11005 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് നിലമ്പൂരുകാർ സ്നേഹത്തോടെ ബാപ്പുട്ടിയെന്ന് വിളിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചിരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം മുതലുണ്ടായിരുന്ന എല്ലാ വിവാദങ്ങൾക്കും ഇതോടെ മറുപടിയായിരിക്കുകയാണ്.
വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകൾ മുതൽ കാര്യമായ മുൻകൈ ആര്യാടൻ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നിൽ. പോത്തുകല്ല് ഉൾപ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോൾ ചില ബൂത്തുകളിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് നേരിയ മുൻതൂക്കം നേടാൻ സാധിച്ചത്. 34 വർഷം പിതാവ് ആര്യാടൻ മുഹമ്മദിനെ എംഎൽഎയാക്കിയ നിലമ്പൂരുകാർ അദ്ദേഹത്തിന്റെ മകന്റെ രണ്ടാം വരവിൽ അവർ ചേർത്ത് പിടിച്ചിരിക്കുകയാണ്.
2016ൽ പി വി അൻവറിനോട് നിലമ്പൂരിൽ പരാജയപ്പെട്ട ആര്യാടൻ ഷൗക്കത്ത് അൻവർ ഒഴിഞ്ഞ അതേ സീറ്റിലേക്ക് മത്സരിച്ച് കന്നിയംഗമായി നിയമസഭയിലേക്കെത്തുകയാണ്. സ്വപ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സിനിമാ രംഗങ്ങളിൽ കഴിവു തെളിയിച്ച വ്യക്തിത്വമാണ് ആര്യാടൻ ഷൗക്കത്തിന്റേത്. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായ ആര്യാടൻ ഷൗക്കത്ത് പതിനാലാം വയസിൽ നിലമ്പൂർ മാനവേദൻ സ്കൂളിൽ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സംഘടനാ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുന്നത്.
നഗരസഭാ ചെയർമാനായിരിക്കെ അദ്ദേഹം ചെയ്ത മികവുറ്റ പ്രവർത്തനങ്ങൾ ഈ തിരഞ്ഞെടുപ്പിലും പ്രചരണ വിഷയമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ‘ജ്യോതിർഗമയ’ പദ്ധതിയിലൂടെ എല്ലാവർക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെയാണ് ആര്യാടൻ ഷൗക്കത്ത് കാര്യമായി അറിയപ്പെട്ട് തുടങ്ങിയത്. സംസ്ഥാനത്ത് താലൂക്കാശുപത്രിയിലെ ആദ്യത്തെ ഡയാലിസിസ് സെന്ററായ നിലമ്പൂർ താലൂക്കാശുപത്രിയിലെ സൗജന്യ ഡയാലിസിസ് സെന്റർ ആരംഭിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. രാഷ്ട്രീയ പ്രവർത്തകനെന്ന പോലെ തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ സിനിമാരംഗത്തും കഴിവ് തെളിയിച്ച് സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ വ്യക്തിത്വമാണ് പുതിയ എംഎൽഎ.



