കാനഡയിൽ കാട്ടുതീ ഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഒന്റാറിയോയിൽ കാട്ടുതീ അണയ്ക്കാൻ ഉപയോഗിക്കുന്ന നിരവധി വിമാനങ്ങളും ഹെലികോപ്റ്ററുകളും പൈലറ്റുമാരുടെ കുറവ് കാരണം വിമാനത്താവളങ്ങളിൽ പ്രവർത്തനരഹിതമായി കിടക്കുകയാണ്. കുറഞ്ഞ ശമ്പളവും മോശം തൊഴിൽ സാഹചര്യങ്ങളുമാണ് ഈ പൈലറ്റ് ക്ഷാമത്തിന് പ്രധാന കാരണമെന്ന് ഒന്റാറിയോ പബ്ലിക് സർവീസ് എംപ്ലോയീസ് യൂണിയൻ (ഒപിഎസ്ഇയു) പ്രസിഡന്റ് ജെപി ഹോർണിക് വ്യക്തമാക്കി.
നിലവിൽ മൂന്ന് വാട്ടർ ബോംബർ പൈലറ്റുമാരുടെയും ആറ് ഹെലികോപ്റ്റർ പൈലറ്റുമാരുടെയും കുറവാണ് പ്രവിശ്യയിൽ അനുഭവപ്പെടുന്നത്. ഒന്റാറിയോയിലുള്ള ഒമ്പത് കനേഡയർ സിഎൽ-415 വാട്ടർ ബോംബർ വിമാനങ്ങളിൽ ഒന്ന് പ്രവർത്തനരഹിതമായി കിടക്കുന്ന അവസ്ഥയാണ്. കൂടാതെ, കാട്ടുതീ അണയ്ക്കാൻ ഉപയോഗിക്കുന്ന എട്ട് ഹെലികോപ്റ്ററുകളിൽ മൂന്നെണ്ണവും നിലവിൽ പറത്താനാവാത്ത സ്ഥിതിയിലാണ്.
“ഒന്റാറിയോയിലെ പൈലറ്റുമാർക്കാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നത്. സർക്കാർ ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്ന നിർദേശം അനുസരിച്ച് അവരെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ശമ്പളക്കാരാക്കി ഉയർത്താൻ മാത്രമാണ് ശ്രമിക്കുന്നത്,” ഹോർണിക് വിശദീകരിച്ചു. വാട്ടർ ബോംബർ വിമാനങ്ങൾ പറത്തുന്ന അഞ്ച് ക്യാപ്റ്റൻമാരിൽ നാല് പേരും വിരമിക്കൽ പ്രായത്തിലാണെന്നും ഇതിനകം മൂന്ന് പൈലറ്റുമാരുടെ കുറവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഭാവിയിൽ പ്രശ്നം കൂടുതൽ രൂക്ഷമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, പ്രകൃതി വിഭവ മന്ത്രാലയ വക്താവ് എമിലി മക്ലാഫ്ലിൻ വ്യക്തമാക്കിയത് കാട്ടുതീ പ്രതിരോധത്തിനായി പരിശീലനത്തിനും പുതിയ ഉപകരണങ്ങൾക്കുമായി പ്രവിശ്യ ഏകദേശം 64 മില്യൺ ഡോളർ നിക്ഷേപിക്കുന്നുണ്ടെന്ന് കൂടിയായിരുന്നു. കൂടാതെ, ഏകദേശം നൂറിലധികം സ്ഥിരം അഗ്നിശമന സേനാംഗങ്ങളുടെ തസ്തികകൾ നികത്തിയതായും അവർ കൂട്ടിച്ചേർത്തു.
ഈ വർഷം കാട്ടുതീ പ്രതിരോധ ബജറ്റിൽ നിന്ന് 42 മില്യൺ ഡോളർ വെട്ടിക്കുറച്ചതായി ഹോർണിക് പറഞ്ഞു. വാണിജ്യ വിമാനക്കമ്പനികളിൽ കൂടുതൽ ശമ്പളം കിട്ടുന്നതിനാൽ പൈലറ്റുമാർ സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നില്ല. പുതിയ വിമാനങ്ങൾ വാങ്ങാൻ പോകുന്നു, പക്ഷേ ഇപ്പോഴുള്ളത് പറത്താൻ ആളില്ല. രണ്ട് വർഷമായി മൂന്ന് തവണ നിയമനം നടത്തി, അദ്ദേഹം വിശദീകരിച്ചു.
കുറഞ്ഞ ശമ്പളം കാരണം ഒരാൾ മാത്രമാണ് അപേക്ഷിച്ചത്. അയാളെ പോലും നിയമിച്ചില്ല,” ഹോർണിക് ചൂണ്ടിക്കാട്ടി. എംപിപി ഗൈ ബർഗോയിനും വിമർശനവുമായി എത്തി. “കാട്ടുതീ സീസൺ വരുമ്പോൾ പൈലറ്റുമാർ ഉണ്ടാകണം,” അദ്ദേഹം പറഞ്ഞു.
ഇനി കാട്ടുതീ ഉണ്ടാകുന്ന സാഹചര്യത്തിൽ പൈലറ്റ് ക്ഷാമം പ്രവിശ്യയുടെ അഗ്നിശമന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന ഭീതി വർധിച്ചുവരികയാണ്. യൂണിയൻ-സർക്കാർ ചർച്ചകൾ മുന്നോട്ടുപോകുന്നുണ്ടെങ്കിലും, ഇരുകൂട്ടരെയും തൃപ്തിപ്പെടുത്തുന്ന ഒരു ധാരണയിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.



