ടെഹ്‌റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവശ്യപ്പെട്ടതിനു പിന്നാലെ വിവിധയിടങ്ങളിൽ സ്ഫോടന പരമ്പര. ടെഹ്റാന്റെ പടിഞ്ഞാറൻ, കിഴക്കൻ ഭാഗങ്ങളിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനത്തും ഇസ്രയേൽ ആക്രമണം നടത്തി. ഇറാൻ്റെ ഔദ്യോഗിക ചാനലായ ഐആർഐബി ചാനലിന് നേരെയാണ് ആക്രമണമുണ്ടായത്. തൽസമയ സംപ്രേഷണത്തിനിടെ ആയിരുന്നു മിസൈൽ ആക്രമണം. നിരവധി മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റതായാണ് വിവരം. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്. ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു.വീണ്ടും ആക്രമണം നടത്താൻ അവതാരക ഇസ്രയേലിനെ വെല്ലുവിളിച്ചു. ഈ ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു.
ടെഹ്‌റാന്റെ വ്യോമപരിധി പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേൽ പ്രതിരോധന സേന അവകാശപ്പെട്ടു. നഗരത്തിലെ പ്രധാനപ്പെട്ട ഭരണകേന്ദ്രങ്ങളെല്ലാം ഉടൻ ആക്രമിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ തങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും അതുകൊണ്ട് ടെഹ്‌റാനിലെ ജനങ്ങളോട് അവിടെനിന്നും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നുവെന്നാണ് നെതന്യാഹു പറഞ്ഞത്. ടെൽ അവീവിൽ നിന്നും ജനങ്ങൾ പിന്മാറണമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



