ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങൾ കൈപ്പാടകലെ എത്തി നിൽക്കുമ്പോഴാണ് പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായർ അഹമ്മദാബാദിലെ വിമാനാപകടത്തിൽ കൊല്ലപ്പെടുന്നത്. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് അതിൻ്റെ നടപടിക്രമങ്ങൾക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. സർക്കാർ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞതിൻ്റെ സന്തോഷത്തിലായിരുന്നു രഞ്ജിത. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നുതീരുമാനിച്ചിരുന്നത്. പുല്ലാട്ടെ കുടുംബവീടിന് സമീപം രഞ്ജിത സ്വന്തമായി പണിയുന്ന വീടിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ജൂലൈ മാസത്തിൽ വീട്ടിൽ കയറി താമസിക്കാമെന്ന തീരുമാനത്തിലായിരുന്നു രഞ്ജിത എന്നാണ് സമീപവാസികൾ പറയുന്നത്. വിമാനത്തിൽ രഞ്ജിതയുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചിരുന്നെങ്കിലും പരുക്കുകളോടെ ആശുപത്രിയിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. അതിനിടയിലാണ് പ്രതീക്ഷകൾ അവസാനിപ്പിച്ച് പത്തനംതിട്ട കലക്ടറേറ്റിൽനിന്ന് പുല്ലാട്ടെ വീട്ടിലേക്ക് ആ ഫോൺ എത്തിയത്. വീട്ടിലുള്ള അമ്മയോടും രഞ്ജിതയുടെ രണ്ട് മക്കളോടും വിവരം എങ്ങനെ പറയുമെന്നറിയാതെ ബന്ധുക്കളെ വിഷമിപ്പിച്ചു. അസുഖബാധിതയായ രഞ്ജിതയുടെ അമ്മ തുളസിയും രഞ്ജിതയുടെ രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മരണവാർത്ത അറിയിച്ചതോടെ കുടുംബം തീരാദുഖത്തിലേക്കു വഴിമാറുകയായിരുന്നു. രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ 10-ാം ക്ലാസ് വിദ്യാർഥിയും മകൾ ഇതിക 7-ാം ക്ലാസ് വിദ്യാർഥിനിയുമാണ്. രഞ്ജിതയുടെ പിതാവ് ഗോപകുമാരൻ നായർ 5 വർഷം മുൻപ് മരിച്ചിരുന്നു.
നേരത്തെ ഗൾഫ് രാജ്യങ്ങളിൽ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത ഒരു വർഷം മുമ്പാണ് ലണ്ടനിലേയ്ക്ക് ജോലിക്കായി പോയത്. രോഗബാധിതയായ അമ്മയുടെ ചികിത്സ ഉൾപ്പെടെ കുടുംബത്തിൻ്റെ സംരക്ഷണ ചുമതലയും രഞ്ജിതയാണ് വഹിച്ചിരുന്നതെന്നാണ് സമീപവാസികൾ പറയുന്നത്.



