ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി വാട്സാപ് പുതിയ അപ്‌ഡേറ്റുകളുമായി രംഗത്ത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നിങ്ങളുടെ ഫോൺ നമ്പർ വെളിപ്പെടുത്താതെ വാട്സാപ്പിൽ ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ‘യൂസർനെയിം’ ഫീച്ചർ ഉടൻ എത്തുമെന്ന് വാബീറ്റഇൻഫോ (WABetaInfo) വെളിപ്പെടുത്തുന്നു. നിലവിൽ വാട്സാപ്പിൽ ഒരാളുമായി സംസാരിക്കണമെങ്കിൽ അവരുടെ ഫോൺ നമ്പർ അറിഞ്ഞിരിക്കണം. എന്നാൽ, പുതിയ യൂസർനെയിം ഫീച്ചർ വരുന്നതോടെ ഇതിന് മാറ്റം വരും. ഇൻസ്റ്റഗ്രാം, ടെലിഗ്രാം പോലുള്ള മറ്റ് മെസ്സേജിങ് പ്ലാറ്റ്‌ഫോമുകളിലേതിന് സമാനമായി, ഉപയോക്താക്കൾക്ക് തനതായ ഒരു യൂസർനെയിം ഉണ്ടാക്കാൻ സാധിക്കും. ഈ യൂസർനെയിം ഉപയോഗിച്ച് മറ്റുള്ളവർക്ക് നിങ്ങളുമായി ബന്ധപ്പെടാനും സന്ദേശങ്ങൾ അയക്കാനും കഴിയും. ഫോൺ നമ്പർ ആർക്കും കാണാൻ സാധിക്കാത്തവിധം മറച്ചുവെക്കാനും ഇതുവഴി സാധിക്കും. റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താക്കൾക്ക് അവരുടെ വാട്സാപ്പ് അക്കൗണ്ട് സെറ്റിങ്സിൽ യൂസർനെയിം തിരഞ്ഞെടുക്കാൻ സാധിക്കും. പുതിയതായി ഒരാൾ നിങ്ങളുമായി സംസാരിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ഫോൺ നമ്പറിന് പകരം യൂസർനെയിം ആയിരിക്കും കാണുക. ഒരു ഉപയോക്താവ് അവരുടെ യൂസർനെയിം മാറ്റുകയാണെങ്കിൽ, പ്രൊഫൈൽ ചിത്രം മാറ്റുമ്പോൾ കാണുന്നതിന് സമാനമായി ചാറ്റുകളിൽ ഒരു സിസ്റ്റം മെസ്സേജ് പ്രത്യക്ഷപ്പെടുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്യും.
ഈ ഫീച്ചർ നിലവിൽ ബീറ്റാ ടെസ്റ്റിംഗ് ഘട്ടത്തിലാണ്. അതായത്, തിരഞ്ഞെടുത്ത ചില ഉപയോക്താക്കൾക്ക് മാത്രമാണ് ഇത് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. വരും ആഴ്ചകളിൽ ഇത് എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, യൂസർനെയിമിനൊപ്പം ഒരു പിൻ കോഡ് (PIN) ആവശ്യപ്പെടുന്ന ഒരു ഓപ്ഷണൽ ഫീച്ചറും വാട്സാപ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് അപരിചിതരിൽ നിന്നുള്ള അനാവശ്യ സന്ദേശങ്ങൾ കുറയ്ക്കാൻ സഹായിക്കും.



