കേരള തീരത്തിന് സമീപത്തായി കടലിൽ തീപിടിച്ച കപ്പലിൽനിന്ന് രക്ഷപ്പെട്ട 18 പേരിൽ രണ്ടു പേരുടെ നില ഗുരുതരമെന്ന് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല. 22 പേരിൽ നാല് പേരെയാണ് കാണാതായത്. കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂർ കപ്പലാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അറബിക്കടലിൽ അപകടത്തിൽപ്പെട്ടത്.
മംഗളൂരുവിൽനിന്നും ബേപ്പൂരിൽനിന്നും രണ്ടു വീതം കപ്പലുകളാണ് അപകടം നടന്ന സ്ഥലത്തേക്ക് പോയത്. കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്നു 44 നോട്ടിക്കൽ മൈൽ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത് സാരമായി പരുക്കേറ്റവരെ ഈ കപ്പലിലേക്ക് മാറ്റും. അപകട സ്ഥലത്തുനിന്നു മംഗളൂരുവിലെത്താൻ ഏകദേശം 5 മണിക്കൂർ വേണ്ടി വരും.മംഗളൂരുവിൽനിന്നു രക്ഷാപ്രവർത്തനത്തിനു പോയ കപ്പലിൽ ഡോക്ടർമാർ ഉൾപ്പെടെ ചികിത്സ നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മൂന്നു ഡോണിയർ വിമാനങ്ങളും 5 കപ്പലുകളുമാണു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
കപ്പലിലുള്ളത് നാല് തരം രാസവസ്തുക്കളെന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യപ്റ്റൻ അരുൺകുമാർ പറഞ്ഞു. കപ്പലിൽ നിന്ന് ഇരുപതോളം കണ്ടെയ്നറുകൾ കടലിലേക്ക് പതിച്ചെന്നാണ് റിപ്പോർട്ട്. കേരളതീരത്ത് ആഘാതമില്ലെങ്കിലും ബേപ്പൂർ, കൊച്ചി, തൃശൂർ തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്. കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കൾ എന്തെന്ന് വെളിപ്പെടുത്തണമെന്ന് കപ്പൽ ഉടമകൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് നിർദ്ദേശം നൽകി. വസ്തുക്കളുടെ സ്വഭാവം എന്താണെന്ന് അറിയിക്കണം, ഓരോ രണ്ടു മണിക്കൂറിലും സാഹചര്യം അറിയിക്കണം എന്നൊക്കെയാണ് നിർദേശം.



