ഗെറ്റി ഇമേജസും സ്റ്റെബിലിറ്റി എ.ഐയും തമ്മിലുള്ള ഒരു പ്രധാന പകർപ്പവകാശ (Copyright) കേസ് ലണ്ടനിലെ ബ്രിട്ടീഷ് ഹൈക്കോടതിയിൽ ആരംഭിച്ചു. ജനറേറ്റീവ് എ.ഐ വ്യവസായത്തിലെ ആദ്യത്തെ പ്രധാന നിയമ പോരാട്ടമാണിത്. സ്റ്റെബിലിറ്റി എ.ഐയുടെ ജനപ്രിയ ഇമേജ് ജനറേഷൻ ടൂളായ സ്റ്റേബിൾ ഡിഫ്യൂഷൻ, തങ്ങളുടെ പകർപ്പവകാശമുള്ള ചിത്രങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ച് പരിശീലിപ്പിച്ചതാണെന്നാണ് ഗെറ്റി ആരോപിക്കുന്നത്. എ.ഐ കമ്പനികൾ ഉള്ളടക്കത്തിന് ലൈസൻസ് നേടുകയും ബൗദ്ധിക സ്വത്തവകാശങ്ങളെ മാനിക്കുകയും വേണം, അല്ലാതെ “ഒപ്റ്റ്-ഔട്ട്” സംവിധാനങ്ങളെ ആശ്രയിക്കരുതെന്നും ഗെറ്റി വാദിക്കുന്നു.
യു.എസ്. ആസ്ഥാനമായുള്ള സെർവറുകളിൽ മോഡൽ പരിശീലിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന സ്റ്റെബിലിറ്റി എ.ഐ, കേസിന്റെ യു.കെ അധികാരപരിധി ചോദ്യം ചെയ്തിട്ടുണ്ട്. പരിശീലനം യു.കെയിൽ നടന്നില്ല എന്നതിലാണ് അവരുടെ പ്രതിരോധം കേന്ദ്രീകരിച്ചിരിക്കുന്നത്. മൂന്നാഴ്ച വരെ നീണ്ടുനിൽക്കാവുന്ന ഈ കേസ് എ.ഐ വ്യവസായത്തിന് നിർണായക നിമിഷമായാണ് കണക്കാക്കപ്പെടുന്നത്. ഇത് എ.ഐക്കെതിരായ യുദ്ധമല്ലെന്നും ക്രിയാത്മക ഉള്ളടക്കത്തിന്റെ നീതികരമായ ഉപയോഗത്തിനുള്ള ആഹ്വാനമാണെന്നും ഗെറ്റി പറയുന്നു.
ജനറേറ്റീവ് എഐ രംഗത്തെ പ്രമുഖ കമ്പനിയായ സ്റ്റെബിലിറ്റി എഐക്ക് പുതിയ നിക്ഷേപകരിൽ നിന്ന് “നിർണായകമായ” സാമ്പത്തിക സഹായം ലഭിച്ചതായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്കിന്റെ മുൻ പ്രസിഡന്റും ഇപ്പോൾ സ്റ്റെബിലിറ്റി ബോർഡിന്റെ ചെയർമാനുമായ സീൻ പാർക്കറാണ് ഇതിൽ പ്രധാനി. പകർപ്പവകാശ തർക്കങ്ങളിൽ സീൻ പാർക്കർക്ക് നേരത്തെയും വലിയ അനുഭവസമ്പത്തുണ്ട്. 2000-കളുടെ തുടക്കത്തിൽ പ്രമുഖ റെക്കോർഡ് കമ്പനികളും റോക്ക് ബാൻഡ് മെറ്റാലിക്കയും പകർപ്പവകാശ ലംഘനം ആരോപിച്ച് കേസ് നൽകിയതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഓൺലൈൻ സംഗീത കമ്പനിയായ നാപ്‌സ്റ്റർ താൽക്കാലികമായി അടച്ചുപൂട്ടിയിരുന്നു. ഈ പശ്ചാത്തലത്തിൽ, സ്റ്റെബിലിറ്റി എഐയുടെ ഇപ്പോഴത്തെ പകർപ്പവകാശ കേസുകളിൽ സീൻ പാർക്കറിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്.
ഈ പുതിയ നിക്ഷേപങ്ങൾ സ്റ്റെബിലിറ്റി എഐയുടെ സ്ഥാപക സിഇഒ എമാദ് മൊസ്താഖ് രാജിവെച്ചതിന് പിന്നാലെയാണ് എത്തുന്നത്. കൂടാതെ, നിരവധി പ്രമുഖ ഗവേഷകർ കമ്പനി വിട്ട് പുതിയ ജർമ്മൻ സ്റ്റാർട്ടപ്പായ ‘ബ്ലാക്ക് ഫോറസ്റ്റ് ലാബ്സ്’ രൂപീകരിക്കുകയും അവർ സ്റ്റെബിലിറ്റിക്ക് എതിരാളിയായ ഒരു എഐ ഇമേജ് ജനറേറ്റർ നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ, സീൻ പാർക്കറുടെ നേതൃത്വത്തിലുള്ള പുതിയ നിക്ഷേപം സ്റ്റെബിലിറ്റി എഐയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. നിലവിൽ ഗെറ്റി ഇമേജസുമായി നടക്കുന്ന നിയമപോരാട്ടത്തിൽ കമ്പനിക്ക് ഇത് കൂടുതൽ കരുത്ത് പകരുമോ എന്ന് കണ്ടറിയണം.



