കാനഡയിലെ വാൻകൂവറിൽ നടന്ന ഖാലിസ്ഥാൻ അനുകൂലികളുടെ പരേഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാനഡ ആസ്ഥാനമായുള്ള അന്വേഷണാത്മക പത്രപ്രവർത്തക മോച്ച ബെസിർഗൻ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ഒരു കനേഡിയൻ വ്യക്തി പരേഡിലുള്ളവരൊട് “ആരും ശ്രദ്ധിക്കുന്നില്ല” എന്ന് പറഞ്ഞുകൊണ്ട് പ്രതികരിക്കുന്നതാണ് വീഡിയോയിലുള്ളത്. വാൻകൂവർ ഡൗണ്ടൗണിൽ ഖാലിസ്ഥാൻ അനുകൂലികളുടെ ഒരു സംഘം തന്നെ വളഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി എന്ന് ബെസിർഗാൻ ആരോപിച്ചതിന് പിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്. അവർ തന്റെ ഫോൺ തട്ടിയെടുത്തെന്നും മാധ്യമപ്രവർത്തക ആരോപിച്ചിരുന്നു.
വീഡിയോയിൽ ഖാലിസ്ഥാൻ അനുകൂലികൾ റാലി നടത്തുന്നത് കാണാം. റാലിയിൽ ഖാലിസ്ഥാൻ പതാകകൾക്കൊപ്പം ഒരു പാകിസ്ഥാൻ പതാകയും ഉണ്ടായിരുന്നു. വീഡിയോയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമയും വഹിച്ചുകൊണ്ട് അനുയായികൾ “കനേഡിയൻ പൗരന്മാരെ കൊന്നത് ആരാണ്? ഇന്ത്യൻ സർക്കാർ” എന്ന് മുദ്രാവാക്യം വിളിക്കുന്നതും കാണാം. 2025 മെയ് മാസത്തിൽ, ടൊറന്റോയിൽ ഇന്ത്യാ വിരുദ്ധ പരേഡ് നടന്നതിനെത്തുടർന്ന് ഇന്ത്യ കനേഡിയൻ ഹൈക്കമ്മീഷനിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഈ പരേഡിൽ പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ എന്നിവരുടെ പ്രതിമകൾ ഉൾപ്പെടുത്തി അവരെ അവഹേളിക്കുന്ന രീതിയുള്ള മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു.
ഈ ഖൽസ ദിനാചരണ വേളയിൽ, ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ നേതാക്കളെ ലക്ഷ്യമിട്ട് ഖാലിസ്ഥാൻ അനുകൂല പ്രചാരണം, പാകിസ്ഥാൻ അനുകൂല ബാനറുകൾ, ചിത്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഫ്ലോട്ടുകൾ നടത്തുകയായിരുന്നു. നിരവധി ഇന്തോ-കനേഡിയൻ ഗ്രൂപ്പുകളും പരേഡിനെ അപലപിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന ജി 7 ഉച്ചകോടി കാനഡയിൽ നടക്കാനിരിക്കെയാണ് ഖാലിസ്ഥാൻ അനുകൂലികളുടെ പരേഡിന്റെ വീഡിയോ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.






