അഞ്ചാംപനി വാക്സിനേഷൻ എടുക്കാത്തവർ എത്രയും പെട്ടന്ന് എടുക്കണമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. കാനഡയിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. തെരേസ ടാം പറയുന്നത്, വാക്സിൻ ചെറുപ്പത്തിൽ എടുത്തിട്ടുണ്ടോ എന്ന് അറിയാത്ത ആളുകൾ അവരുടെ വാക്സിൻ രേഖകൾ കണ്ടെത്താനും അവരുടെ ഡോക്ടർമാരോട് ചോദിക്കാനും പരമാവധി ശ്രമിക്കണമെന്നാണ്. 1970 ന് മുമ്പ് ജനിച്ച ആളുകൾക്ക് അഞ്ചാംപനി ബാധിക്കാൻ സാധ്യതയുള്ളതിനാൽ അവർക്ക് പ്രതിരോധശേഷി ഉണ്ടായേക്കാമെന്നും ഡോക്ടർ വ്യക്തമാക്കുന്നുഎന്നാൽ 1970-ലോ അതിനുശേഷമോ ജനിച്ച ആളുകൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടോ എന്ന് അറിയില്ലെങ്കിൽ, കാനഡയിൽ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, അവരുടെ സംരക്ഷണം ഉറപ്പാക്കാൻ അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല വാക്സിൻ ഒരു ഡോസ് എടുക്കുന്നത് വളരെ നല്ലതാണെന്നും അവർ പറയുന്നു.
ഗർഭിണികൾക്ക് മാത്രമാണ് വാക്സീൻ എടുക്കാൻ സാധിക്കാത്തത് , കാരണം MMR വാക്സിനിൽ ഗർഭസ്ഥ ശിശുവിലേക്ക് പകരാൻ സാധ്യതയുള്ള ജീവനുള്ള വൈറസ് അടങ്ങിയിരിക്കുന്നതിനാൽ ഗർഭകാലത്ത് ഇത് ശുപാർശ ചെയ്യുന്നില്ല. അഞ്ചാംപനി അണുബാധ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാക്കുമെന്നതിനാൽ, യുവതികൾക്ക് മുൻകൂട്ടി വാക്സിനേഷൻ നൽകേണ്ടത് വളരെ പ്രധാനമാണെന്ന് ടാം പറയുന്നു. പബ്ലിക് ഹെൽത്ത് ഒന്റാറിയോയിലെ ഫിസിഷ്യനായ ഡോ. സാറാ വിൽസൺ പറയുന്നത്, സീറോളജി എന്നറിയപ്പെടുന്ന ഒരു രക്തപരിശോധനയിലൂടെ ഗർഭിണിയായ വ്യക്തിക്ക് അഞ്ചാംപനിക്കെതിരെയുള്ള ആന്റിബോഡികൾ ഉണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയുമെന്നാണ്.
വാക്സിനേഷന്റെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ആവശ്യമായ MMR വാക്സിൻ കാനഡയിലുണ്ടെന്ന് ടാം പറഞ്ഞു. അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് ഗർഭിണികൾ, ആറ് മാസത്തിൽ താഴെയുള്ള കുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞ ചില ആളുകൾ എന്നിവരുൾപ്പെടെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ കഴിയാത്ത മറ്റുള്ളവരെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് ടാം പറഞ്ഞു.
സാധാരണയായി കുഞ്ഞുങ്ങൾക്ക് 12 മാസം പ്രായമാകുന്നതുവരെ MMR വാക്സിനേഷന്റെ ആദ്യ ഡോസ് ലഭിക്കാറില്ല, എന്നാൽ തെക്കുപടിഞ്ഞാറൻ ഒന്റാറിയോ ഉൾപ്പെടെ അഞ്ചാംപനി പടർന്നുപിടിക്കുന്ന സമൂഹങ്ങളിൽ പൊതുജനാരോഗ്യ വിദഗ്ധർ ഈ പ്രായം ആറ് മാസമായി കുറച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഒന്റാറിയോയിൽ മാസം തികയാതെ ജനിച്ച കുഞ്ഞ് അഞ്ചാംപനി ബാധിച്ച് മരിച്ചിരുന്നു. കുഞ്ഞിന് ഗർഭപാത്രത്തിൽവെച്ച് തന്നെ രോഗം ബാധിച്ചിരുന്നെന്ന് ഒന്റാറിയോയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് വ്യക്തമാക്കി.



