കാനഡയിലെ റോഡുകളിൽ ഉണ്ടാകുന്ന കുഴികൾ കാരണം ഓരോ വർഷവും വാഹന ഉടമകൾക്കും, പ്രാദേശിക സർക്കാരുകൾക്കും കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുന്നു. കാനഡിയൻ വാഹന സംഘടനയുടെ പഠനത്തിൽ പറയുന്നത്, ഓരോ കാറിനും കുറഞ്ഞത് 126 ഡോളർ വീതം അധിക ചെലവ് വരുന്നുണ്ട് എന്നാണ്. കാനഡയിലെ എഡ്മന്റൺ നഗരത്തിൽ മാത്രം 2024ൽ അഞ്ച് ലക്ഷത്തിലധികം കുഴികൾ നന്നാക്കേണ്ടതായി വന്നു.
ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ സിവിൽ എഞ്ചിനീയറിങ് പ്രൊഫസറായ നെമി ബാന്ത്യ പറയുന്നത്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന താപനിലാ വ്യതിയാനങ്ങളാണ് റോഡ് ഉപരിതലത്തിൽ കുഴികൾ രൂപപ്പെടാനുള്ള പ്രധാന ഘടകം. മഴയിലൂടെയും മഞ്ഞുവീഴ്ചയിലൂടെയും ജലം റോഡിന്റെ അടിത്തറയിലെത്തുന്നു. ശൈത്യകാലത്ത് ഈ ജലം ഐസായി മാറി വികസിക്കുകയും, വേനൽകാലത്ത് ഉരുകി വീണ്ടും ചുരുങ്ങുകയും ചെയ്യുന്ന ഈ പ്രക്രിയ റോഡുകളിൽ ഇടിവുകളും വിള്ളലുകളും സൃഷ്ടിക്കുന്നു. പാരിസ്ഥിതിക മാറ്റങ്ങളും വർധിച്ചുവരുന്ന വാഹന ഗതാഗതവും ഈ പ്രതിഭാസത്തെ കൂടുതൽ തീവ്രമാക്കുന്നു.
ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കാനഡയിൽ പുതിയ തരം സാങ്കേതിക വിദ്യകൾ പരീക്ഷിച്ചു വരികയാണ്. ഡർഹാം പ്രദേശത്ത് “സിറ്റിറോവർ” എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് റോഡിലെ കുഴികൾ വേഗത്തിൽ കണ്ടെത്താനുള്ള നീക്കങ്ങൾ തുടങ്ങി. സറി നഗരത്തിൽ പ്രാഥമിക ചെലവ് കൂടുതലാണെങ്കിലും, കൂടുതൽ നാൾ നിലനിൽക്കുന്ന പ്രത്യേക കോൺക്രീറ്റ് ഉപയോഗിച്ചുള്ള റോഡുകൾ നിർമ്മിക്കുന്ന പരീക്ഷണങ്ങൾ നടക്കുന്നു.
2015-ൽ ഇന്ത്യയിലെ തൊണ്ടേഭാവിയിൽ ഇത്തരത്തിൽ നിർമ്മിച്ച റോഡ് ഇപ്പോഴും കുഴികളോ പിളർപ്പുകളോ ഇല്ലാതെ നിലനിൽക്കുന്നുണ്ടെന്ന് പ്രൊഫസർ ബാന്ത്യ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ദീർഘകാല നിക്ഷേപങ്ങൾ തുടക്കത്തിൽ അധിക ചെലവുണ്ടാക്കുമെങ്കിലും, പിന്നീടുള്ള കാലങ്ങളിൽ വലിയ സാമ്പത്തിക നേട്ടവും പ്രകൃതി സൗഹൃദ ഗുണങ്ങളും നൽകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.



