ക്യുബെക്ക് പ്രവിശ്യയുടെ കുടിയേറ്റ മന്ത്രി ജീൻ-ഫ്രാൻസ്വാ റോബർജ് 2026 മുതൽ 2029 വരെയുള്ള കാലയളവിലേക്ക് പ്രധാനപ്പെട്ട കുടിയേറ്റ നയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഫ്രഞ്ച് ഭാഷയിൽ ഊന്നൽ നൽകുകയും, താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്കക്കുകയും, ക്യുബെക്കിന്റെ സാംസ്കാരിക പൈത്രകം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ പുതിയ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
പ്രധാന കുടിയേറ്റ പദ്ധതികൾ താൽക്കാലികമായി നിർത്തിവച്ചു
2025 ജൂൺ 5 മുതൽ ക്യുബെക്ക് എക്സ്പീരിയൻസ് പ്രോഗ്രാമിന്റെ (PEQ) കീഴിലുള്ള രണ്ട് പ്രധാന പദ്ധതികൾ – വർക്കേഴ്സ്, ഡിപ്ലോമേറ്റ്സ് സ്ട്രീമുകൾ – 2025 നവംബർ 30 വരെ നിർത്തിവച്ചിരിക്കുന്നു. അഭയാർത്ഥികൾക്കുള്ള കൂട്ടായ സ്പോൺസർഷിപ്പ് പ്രോഗ്രാമും 2027 അവസാനം വരെ നിർത്തിവച്ചിട്ടുണ്ട്. പുതിയ വിദഗ്ധ തൊഴിലാളി തിരഞ്ഞെടുപ്പ് പദ്ധതി (PSTQ) 2025 ജൂലൈയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമം
നാല് വർഷത്തിനുള്ളിൽ ക്യുബെക്കിന്റെ അധികാരപരിധിയിലുള്ള താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം 72,000-ൽ നിന്ന് 65,000 ആയി കുറയ്ക്കാനാണ് പദ്ധതി. മോൺട്രിയലിൽ ഈ എണ്ണം 50 ശതമാനത്തോളം കുറയ്ക്കാനാണ് ആലോചന. കൂടാതെ, താൽക്കാലിക വിദേശ തൊഴിലാളികൾ അവരുടെ വർക്ക് പെർമിറ്റ് പുതുക്കാൻ കുറഞ്ഞ പക്ഷം ഫ്രഞ്ച് ഭാഷയിൽ അടിസ്ഥാന പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്.
ഫ്രഞ്ച് അറിയാവുന്ന സ്ഥിര താമസക്കാർക്ക് മുൻഗണ
ഇതിനകം ക്യുബെക്കിൽ സ്ഥിരതാമസമാക്കിയവർ, ഫ്രഞ്ച് സംസാരിക്കുന്നവർ, ഇവിടെ പഠിച്ചവർ, ജോലി ചെയ്യുന്നവർ എന്നിവർക്കാണ് പുതിയ സാമ്പത്തിക കുടിയേറ്റ നയത്തിൽ മുൻഗണ നൽകുന്നത്. മോൺട്രിയലിനും ലാവലിനും പുറത്തുള്ള പ്രദേശങ്ങളിലെ തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. “ക്യുബെക്കറാകുന്നത് ഒരു വെറും അവകാശമല്ല, അതൊരു പദവിയാണ്”,എന്ന് മന്ത്രി റോബർജ് വ്യക്തമാക്കി.
നിലവിലുള്ള അപേക്ഷകളുടെ സ്ഥിതി
നിർത്തിവയ്ക്കലിന് മുമ്പ് സമർപ്പിച്ച അപേക്ഷകൾ ക്യുബെക്ക് തുടർന്നും പരിഗണിക്കും. നിലവിലുള്ള അപേക്ഷകർക്ക് അവരുടെ ഭാര്യാഭർത്താക്കന്മാരെയും കുട്ടികളെയും ഫയലിൽ ചേർക്കാവുന്നതാണ്. പഴയ അരിമ പ്രൊഫൈലുകൾ ഉള്ളവർ അവരുടെ വിവരങ്ങൾ പുതുക്കി പുതിയ PSTQ സിസ്റ്റത്തിൽ പരിഗണനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
വിശാലമായ കുടിയേറ്റ പ്രവണതകൾ
ഈ മാറ്റങ്ങൾ കാനഡയിലെ വിശാലമായ ദേശീയ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നു. താൽക്കാലിക താമസക്കാരുടെ എണ്ണം, ഭവന പ്രശ്നങ്ങൾ, ജീവിതച്ചെലവ് വർധന എന്നിവയെക്കുറിച്ചുള്ള പൊതുജന ആശങ്കകളോട് ക്യൂബെക്കും ഫെഡറൽ സർക്കാരും പ്രതികരിക്കുകയാണ്. 2025-ൽ ക്യൂബെക്ക് 48,500 മുതൽ 51,500 വരെ കുടിയേറ്റക്കാരെ സ്വീകരിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും, വിദേശ ബിരുദധാരികൾക്കും താൽക്കാലിക തൊഴിലാളികൾക്കും കൂടുതൽ കർശന മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്



