റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ പ്രതികരണവുമായി വിരാട് കോഹ്‌ലിയും ആർസിബിയും. എല്ലാവരുടേയും സുരക്ഷയാണ് തങ്ങൾക്ക് പ്രധാനമെന്നും സംഭവം അറിഞ്ഞയുടൻ തന്നെ പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയിരുന്നുവെന്നും ആർസിബി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പ്രസ്താവന പുറത്തിറക്കി. വിവരിക്കാനാകാത്ത ദുഃഖമാണ് തനിക്കുണ്ടായിരിക്കുന്നതെന്ന് ആർസിബിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് വിരാട് കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്ന് സംഭവിച്ച ദൗർഭാഗ്യകരമായ സംഭവത്തിൽ തങ്ങൾ അതീവ ദുഃഖിതരാണെന്ന് ആർസിബി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മാധ്യമ വാർത്തകളിൽ നിന്നാണ് തങ്ങളും ഈ വിവരം അറിയുന്നത്. എല്ലാവരുടേയും സുരക്ഷയും ക്ഷേമവുമാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം. മരിച്ചവർക്ക് അനുശോചനം അറിയിക്കുന്നതായും മരിച്ചവരുടെ കുടുംബത്തിനൊപ്പമുണ്ടെന്നും ആർസിബി പറഞ്ഞു. വിവരമറിഞ്ഞയുടൻ പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയെന്നും പ്രാദേശിക ഭരണകൂടത്തിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചെന്നും പ്രസ്താവനയിലുണ്ട്. ദയവായി എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ആർസിബി പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.
11 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 47 പേർക്ക് പരുക്കേറ്റിട്ടുണ്ട്.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാനസർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



