അമിതമായ കാലറി നിയന്ത്രണം വിഷാദരോഗ ലക്ഷണങ്ങൾ വർദ്ധിപ്പിക്കാൻ സാധ്യത. പ്രത്യേകിച്ച് പുരുഷന്മാരിലും അമിതഭാരമുള്ളവരിലുമാണ് ഇതിന് കൂടുതൽ സാധ്യത. ബി.എം.ജെ ന്യൂട്രീഷൻ, പ്രിവൻഷൻ & ഹെൽത്ത് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.എസ്. നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിൽ നിന്നുള്ള 28,000-ത്തിലധികം ആളുകളുടെ വിവരങ്ങൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ, പഞ്ചസാര, കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായാണ് കണ്ടെത്തൽ. അതേസമയം മെഡിറ്ററേനിയൻ ശൈലിയിലുള്ള ഭക്ഷണക്രമം വിഷാദരോഗ സാധ്യത കുറയ്ക്കുന്നതായും പഠനത്തിൽ കണ്ടെത്തി.
അമിതമായി നിയന്ത്രിതമോ അസന്തുലിതമോ ആയ ഭക്ഷണക്രമം ഒഴിവാക്കണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. വെങ്കട്ട് ഭട്ട് മുന്നറിയിപ്പ് നൽകി. മാനസികവും ശാരീരികവുമായ ആവശ്യങ്ങൾക്കനുസരിച്ച് സമീകൃതവും സുസ്ഥിരവുമായ മാറ്റങ്ങൾ വരുത്താൻ അദ്ദേഹം ശുപാർശ ചെയ്യുന്നു. ഉറക്കമില്ലായ്മ, അവശത, ഭക്ഷണ ക്രമത്തിലെ പ്രശ്നങ്ങൾ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് ഡോ. ജോഹാന കീലർ, ഡോ. കാരി വുഡ്രഫ് തുടങ്ങിയ മറ്റ് വിദഗ്ദ്ധർ, ഊന്നിപ്പറഞ്ഞു.
വൈദ്യസഹായത്തോടെയുള്ള കാലറി നിയന്ത്രണം മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്ന് ഒരു പഠനം കണ്ടെത്തിയിരുന്നു. അതിൽനിന്ന് വ്യത്യസ്തമായ കണ്ടെത്തലുകളാണ് പുതിയ പഠനത്തിലുള്ളത്. ഇത് സാഹചര്യത്തിനും മേൽനോട്ടത്തിനും പ്രാധാന്യമുണ്ടെന്ന് സൂചിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കാനും അമിതമായ നിയന്ത്രണങ്ങൾക്ക് പകരം പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണം തിരഞ്ഞെടുക്കാനും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.



