ജർമ്മൻ നഗരമായ ഹാംബർഗിലെ മരിയൻക്രാൻകെൻഹൗസ് ആശുപത്രിയിൽ രാത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് രോഗികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ ഞായറാഴ്ച അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലിസ് ആശുപത്രിയിൽ വെച്ച് തന്നെ കസ്റ്റഡിയിലെടുത്തു
തീപിടുത്തത്തെക്കുറിച്ച് രാത്രി ഏറെ വൈകിയാണ് അഗ്നിശമന സേനാംഗങ്ങൾക്ക് അറിയിപ്പ് ലഭിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വയോജന വാർഡിലെ ഒരു മുറിയിൽ തീ പടർന്നു പിടിക്കുകയായിരുന്നു. തുടർന്ന് മുകളിലെ നിലയുടെ മുൻഭാഗത്തേക്ക് പുക ഉയർന്നു. കെട്ടിടത്തിന്റെ നാല് നിലകളിലായി പുക പടർന്നതായി ജർമ്മൻ വാർത്താ ഏജൻസിയായ ഡിപിഎ റിപ്പോർട്ട് ചെയ്തു.
മരിച്ച മൂന്ന് പേർ 84, 85, 87 വയസ്സ് പ്രായമുള്ള പുരുഷന്മാരാണെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. 34 പേർക്ക് സംഭവത്തിൽ പരിക്കേറ്റു, അവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആശുപത്രിയിലെ ഒരു വിഭാഗത്തിലെ ആളുകളെ മുഴുവൻ ഒഴിപ്പിക്കേണ്ടിവന്നു. പരിക്കേറ്റ രോഗികളെ കൂടുതലും ആശുപത്രിയിൽ തന്നെ ചികിത്സിച്ചു, ഏകദേശം 20 മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു. ജനാലകളിൽ കൂടി സഹായത്തിനായി വിളിക്കുന്ന നിരവധി രോഗികളെ കണ്ടെത്തിയതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. ഗോവണി ഉപയോഗിച്ചും കെട്ടിടത്തിലൂടെയും ആളുകളെ രക്ഷപ്പെടുത്തി.
72 വയസ്സുള്ള ഒരു രോഗിയാണ് തീയിട്ടതെന്ന് ദൃക്സാക്ഷികളുടെ മൊഴിയിൽ പറയുന്നു. പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലിസ് ആശുപത്രിയിൽ വെച്ച് തന്നെ കസ്റ്റഡിയിലെടുത്തു. മാനസികരോഗ്യ പ്രശ്നമാണോ തീയിടാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.



