കാനഡയിലെ ലാബ്രഡോറിലെ ചർച്ചിൽ ഫാൾസിൽ കാട്ടുതീ പടരുന്നു. നഗരത്തിൽ നിന്ന് വെറും ഒരു കിലോമീറ്റർ അകലെ കിഴക്കുഭാഗത്ത് പ്രധാന റോഡിന്റെ വടക്കു വശത്തായി ഏകദേശം 170 ഹെക്ടർ സ്ഥലത്താണ് അഗ്നിബാധ. ഇതിനടുത്ത് മറ്റൊരു ചെറിയ തീപിടുത്തം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് വാട്ടർ ബോംബർ വിമാനങ്ങൾ,അഗ്നിശമന സേന, ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. തീ കിഴക്കൻ പ്രദേശത്തേക്ക് നീങ്ങുന്നതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹൈഡ്രോ കമ്പനി അറിയിച്ചതനുസരിച്ച് കമ്യൂണിറ്റി ബിൽഡിംഗിലും അടുത്തുള്ള സൗകര്യങ്ങളിലും ഫോൺ ലൈനുകൾ തകരാറിലായിട്ടുണ്ട്. എന്നാൽ മൊബൈൽ ഫോണും മറ്റ് മാർഗങ്ങളും വഴി അടിയന്തര സേവനങ്ങൾ ലഭ്യമാണ്. നഗരത്തിലെ ക്ലിനിക് പ്രവർത്തിക്കുന്നുണ്ട്. വെള്ളം തിളപ്പിച്ച് മാത്രം കുടിക്കാൻ ഉപയോഗിക്കണമെന്ന് നിവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വൈദ്യുതി തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ബുധനാഴ്ച കുറച്ച് സമയത്തേക്ക് ഈ പ്രദേശത്ത് വൈദ്യുതി നിലച്ചിരുന്നു
ലാബ്രഡോർ സിറ്റിയിലും വാബുഷിലും വൈദ്യുതി സേവനം സാധാരണ നിലയിലായിട്ടുണ്ട്.
ബുധനാഴ്ച രാത്രി തീ ചർച്ചിൽ ഫാൾസ് പവർ പ്ലാന്റിനോട് അടുത്തെത്തിയതിനെ തുടർന്ന് നിവാസികൾ ഇപ്പോഴും ആശങ്കയിലാണ്. റോയൽ ന്യൂഫൗണ്ട്‌ലാൻഡ് പോലീസ് ബുധനാഴ്ച വൈകുന്നേരം അടച്ചിരുന്ന ട്രാൻസ് ലാബ്രഡോർ ഹൈവേയുടെ ഭാഗം വീണ്ടും തുറന്നുകൊടുത്തു. പൊതു സുരക്ഷയ്ക്കായി പ്രദേശം നിരീക്ഷിക്കുന്നത് തുടരുന്നു. അടുത്തുള്ള ഹാപ്പി വാലി-ഗൂസ് ബേയിൽ തീ പടരുന്നതിനാൽ ഈ പ്രദേശത്ത് നിരോധനം തുടരുകയാണ്. എന്നാൽ വെള്ളിയാഴ്ചയോടെ കാലാവസ്ഥയിൽ മാറ്റമുണ്ടാകുകയും മഴ പെയ്യുമെന്നുമുള്ള പ്രവചനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് അധികൃതരും പ്രദേശവാസികളും.



