കാനഡയിലെ പ്രധാന റെയിൽവേ സേവനമായ വയാ റെയിലിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സമരത്തിനായി അനുമതി നൽകിയിരിക്കുന്നു. യൂണിഫോർ യൂണിയനിൽ അംഗത്വമുള്ള തൊഴിലാളികളിൽ ഏകദേശം 98 ശതമാനം പേരും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
സ്റ്റേഷൻ, കോൾ സെന്റർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ട്രെയിൻ സർവീസ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരും, 700 വിദഗ്ധ സാങ്കേതിക മെക്കാനിക്കൽ തൊഴിലാളികളും സമരത്തിൽ ഉൾപ്പെടുന്നു.സമരത്തിന് അനുമതി ലഭിച്ചെങ്കിലും തൊഴിലാളികൾ ഉടനെ സമരത്തിലേക്ക് പോകില്ല. കാരണം ഫെഡറൽ സർക്കാരിന്റെ മധ്യസ്ഥത പ്രക്രിയ മെയ് 31 വരെ നീണ്ടുനിൽക്കും. അതിനുശേഷം 21 ദിവസത്തെ കൂളിംഗ് ഓഫ് കാലാവധിയും ഉണ്ട്. ഈ നിയമപരമായ പ്രക്രിയകൾ പൂർത്തിയാകുന്നത് വരെ സമരം നടത്താൻ കഴിയില്ല. അതുകൊണ്ട് ജൂൺ 22 നുശേഷം മാത്രമേ സമരം ആരംഭിക്കാൻ കഴിയൂ.
യൂണിയന്റെ ആരോപണം അനുസരിച്ച് വയാ റെയിൽ കമ്പനി തൊഴിലാളികളിൽ നിന്ന് വലിയ വിട്ടുവീഴ്ചകൾ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ തൊഴിലാളികളുടെ ശമ്പള വർധനവിന്റെ ആവശ്യങ്ങൾ കമ്പനി അംഗീകരിച്ചിട്ടില്ലെന്നും യൂണിയൻ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികൾ സമരത്തിന് ഇത്രയും വലിയ പിന്തുണ നൽകിയത്.



