വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൂജപ്പുര ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച പ്രതി നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ. നില ഗുരുതരമായി തുടരുകയാണ്. അഫാന്റെ തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം നിലച്ചതായാണ് റിപ്പോർട്ട്. അഫാനെ വെൻറിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഉണക്കാനിട്ടിരുന്ന മുണ്ടുപയോഗിച്ചായിരുന്നു ജീവനൊടുക്കാൻ ശ്രമം. ജയിൽ ഉദ്യോഗസ്ഥൻ ഫോൺ വിളിക്കാൻ മാറിയപ്പോളാണ് അഫാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു. അഫാന്റെ മാതാവ് ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം രക്ഷപ്പെട്ടു.








