കാൽഗറിയിലെ ജനസംഖ്യാ വർധനവ് കണക്കിലെടുത്ത്, എൻമാക്സ് കമ്പനി അവരുടെ സ്മാർട്ട് മീറ്റർ നവീകരണ പദ്ധതിക്കായി മാറ്റിവച്ചിരുന്ന ഫണ്ട് അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ആവശ്യത്തിനായി മാറ്റിവെച്ചിരിക്കുന്നു. കമ്പനിയുടെ വാർഷിക യോഗത്തിൽ വൈദ്യുതി ആവശ്യകത കമ്പനി കണക്കാക്കിയതിനെക്കാൾ കൂടുതലായതായി സി.ഇ.ഒ മാർക്ക് പൊവെസ്ക വെളിപ്പെടുത്തി. ഇതിനാൽ ആൽബർട്ട യൂട്ടിലിറ്റീസ് കമ്മീഷനിൽ നിന്ന് ആദ്യം അപേക്ഷിച്ച ഫണ്ടിംഗിൽ കുറവുണ്ടായിരിക്കുന്നു.
ഈ സാഹചര്യത്തിൽ കാൽഗറിയിലെ വൈദ്യുതി ഗ്രിഡ് നവീകരിക്കുന്നതിനുള്ള പദ്ധതികൾ വൈകും. പഴയ മീറ്ററുകൾക്ക് പകരം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന ഈ പദ്ധതിയിൽ കഴിഞ്ഞ വർഷം 21,000 ത്തിലധികം മീറ്ററുകൾ മാറ്റിസ്ഥാപിച്ചെങ്കിലും ഇനിയും ആയിരങ്ങൾ ബാക്കിയുണ്ട്. മറ്റു ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകിയതിന്റെ പശ്ചാത്തലത്തിൽ ഈ പദ്ധതി നടപ്പാക്കൽ പിന്നോക്കം പോകും. പൊവെസ്ക സ്മാർട്ട് മീറ്റർ പദ്ധതിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞെങ്കിലും ഇപ്പോൾ വളർച്ചാ ആവശ്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത് എന്ന് വ്യക്തമാക്കി.
വൈദ്യുതി ഉപഭോഗത്തിലെ വർദ്ധന സാങ്കേതിക മുന്നേറ്റങ്ങളുടെയും AI ഉൽപാദനങ്ങളുടെയും നേരിയ പ്രതിഫലനമാണെന്ന് മേയർ ജ്യോതി ഗോണ്ടേക് അഭിപ്രായപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ, ട്രാൻസ്മിഷൻ വിപുലീകരണത്തിനും ശുദ്ധ വൈദ്യുതി നവീകരണരീതികൾക്കും ഫെഡറൽ പിന്തുണ അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. അതേസമയം, എൻമാക്സ് ഇനി കൂടുതൽ സ്ഥിരതയുള്ള നിയന്ത്രിത യൂട്ടിലിറ്റി രീതിയിലേക്ക് മാറുകയാണ്. ഈ മാറ്റത്തിന്റെ ഭാഗമായി കമ്പനി മത്സരാധിഷ്ഠിത ഊർജ്ജവിപണികളിൽ നിന്നുള്ള നിക്ഷേപം കുറച്ച് വയറിങ് സംവിധാനങ്ങളിലേക്കും മറ്റും കൂടുതൽ നിക്ഷേപം നടത്തുന്നു.
വൈദ്യുതി വിലകൾ കുറയുന്ന സമയത്താണ് ഈ മാറ്റം സംഭവിക്കുന്നത്. കാൽഗറി നഗരത്തിന്,കഴിഞ്ഞ വർഷം റെക്കോർഡ് തുകയായ 103 മില്യൺ ഡോളർ ഡിവിഡന്റ്
ലഭിച്ചതിന് ശേഷം, എൻമാക്സ് ഇനി കുറവ് ഡിവിഡന്റുകൾ നൽകാൻ തയ്യാറെടുക്കുകയാണ്. താൽക്കാലിക ലാഭനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, ഈ സമീപനം നഗരത്തിന് ഭാവിയിൽ കൂടുതൽ സ്ഥിരതയുള്ള വരുമാനമാർഗങ്ങളും വിശ്വാസ്യതയുള്ള സേവനങ്ങളും ഉറപ്പാക്കുമെന്ന് പൊവെസ്ക വ്യക്തമാക്കി.



