പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ വരാനിരിക്കുന്ന ക്ലബ് ലോകകപ്പിൽ കളിച്ചേക്കുമെന്ന് ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോ സൂചിപ്പിച്ചിരിക്കുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസർ ഈ ടൂർണമെന്റിന് യോഗ്യത നേടാത്തതിനാൽ, പ്രത്യേക ട്രാൻസ്ഫർ വിൻഡോയിലൂടെ മത്സരത്തിൽ പങ്കെടുക്കുന്ന 32 ടീമുകളിലൊന്നിലേക്ക് റൊണാൾഡോ മാറിയേക്കുമെന്നാണ് ഇൻഫാന്റിനോയുടെ പ്രസ്താവന.
39 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലിന്റെ ഉടമയായ ഓൺലൈൻ സ്ട്രീമർ ഐഷോസ്പീഡിനോട് സംസാരിക്കുമ്പോഴാണ് ഇൻഫാന്റിനോ ഈ സാധ്യതയെ കുറിച്ച് സൂചന നൽകിയത്.
“ചില ക്ലബ്ബുകളുമായി ചർച്ചകൾ നടക്കുന്നുണ്ട്. എന്തെങ്കിലും ക്ലബ് റൊണാൾഡോയെ ക്ലബ് ലോകകപ്പിനായി എടുക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെങ്കിലോ, ആർക്കറിയാം എന്ത് സംഭവിക്കുമെന്ന്. ഇനിയും കുറച്ച് ആഴ്ചകൾ സമയമുണ്ടല്ലോ, ഇതെല്ലാം രസകരമായിരിക്കും,” എന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത മാസം അമേരിക്കയിൽ ആരംഭിക്കുന്ന ടൂർണമെന്റിലേക്ക് പോകുന്ന എല്ലാ ടീമുകൾക്കും അവസാന നിമിഷത്തെ ട്രാൻസ്ഫർ സൈനിംഗുകൾ തുറന്നിട്ടിരിക്കുന്നുവെന്ന് ഫിഫ ബുധനാഴ്ച സ്ഥിരീകരിസിച്ചിരുന്നു. ഇത് 40 വയസ്സുള്ള റൊണാൾഡോയുമായി ഇടകാല കരാറിന് തയ്യാറാകാനായി ചില ടീമുകൾ ശ്രമിച്ചേക്കാമെന്ന വാർത്തകൾക്ക് ആക്കം കൂട്ടി. ആധുനിക ഫുട്ബോളിൽ ഇത്തരമൊരു നീക്കം ആരാധകരിൽ ആവേശം നിറയ്ക്കും. കൂടാതെ അമേരിക്കയിലെ 11 നഗരങ്ങളിൽ നടക്കുന്ന ഈ ഉദ്ഘാടന ടൂർണമെന്റിന്റെ പ്രൊഫൈലും ടിക്കറ്റ് വിൽപ്പനയും വർധിപ്പിക്കുന്നതിന് ഫിഫയ്ക്ക് ഇത് ആകർഷകമായിരിക്കും.
കഴിഞ്ഞ ഒക്ടോബറിൽ, ആതിഥേയ രാജ്യത്തിന്റെ ചാമ്പ്യനായി സംവരണം ചെയ്തിരുന്ന സ്ലോട്ടിൽ മെസ്സിയുടെ ഇന്റർ മിയാമിയെ ടൂർണമെന്റിൽ പ്രവേശിപ്പിക്കാൻ ഫിഫ ക്ഷണിച്ചിരുന്നു. എന്നാൽ എംഎൽഎസ് കപ്പ് പ്ലേഓഫിൽ ഇന്റർ മിയാമി പുറത്തായിരുന്നു. റൊണാൾഡോയുടെ ട്രാൻസ്ഫർ 2022 ലെ ഖത്തർ ലോകകപ്പിന് ശേഷം ആദ്യമായി അദ്ദേഹത്തെയും ലയണൽ മെസ്സിയെയും ഒരേ ടൂർണമെന്റിൽ വീണ്ടും കാണാൻ സാധിക്കുമെന്ന ആകർഷണവും ഉണ്ട്.



