കാനഡയിലെ ടൊറന്റോ പൊലീസ് സർവീസ് (TPS) അടിയന്തര സേവനമായ 911 സിസ്റ്റത്തിൽ വൻ സാങ്കേതിക നവീകരണം നടത്തിയിരിക്കുന്നു. നെക്സ്റ്റ് ജനറേഷൻ 911 (NG911) പദ്ധതിയുടെ ഭാഗമായുള്ള ഈ നവീകരണം പൊതുജന സുരക്ഷാ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും പ്രതികരണ സമയം കുറയ്ക്കുകയും ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. പുതിയ സിസ്റ്റത്തിന്റെ പ്രധാന സവിശേഷത ഓട്ടോ-ടെക്സ്റ്റ് ഫീച്ചറാണ്. 911 കോൾ അപ്രതീക്ഷിതമായി വിച്ഛേദിക്കപ്പെടുകയാണെങ്കിൽ, സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ച് കോൾ ചെയ്തയാൾക്ക് സ്വയമേവ ടെക്സ്റ്റ് മെസേജ് അയയ്ക്കും. ഇത് മാനുവൽ കോൾബാക്കുകളുടെ ആവശ്യകത കുറയ്ക്കുകയും ലൈൻ ബാക്ക്ലോഗുകൾ നീക്കാൻ സഹായിക്കുകയും ചെയ്യുന്നു.
നിലവിൽ 911 കോളുകളിൽ 27 ശതമാനവും അബദ്ധവശാൽ വരുന്ന പോക്കറ്റ് ഡയലുകളാണെന്ന് സ്ഥിതിവിവര കണക്കുകൾ വെളിപ്പെടുത്തുന്നു. ഈ അവശ്യമില്ലാത്ത കോളുകൾ ഫിൽട്ടർ ചെയ്യുന്നതിലൂടെ ദിവസം ശരാശരി 30 മണിക്കൂർ വരെ കോൾ കൈകാര്യം ചെയ്യുന്ന സമയം ലാഭിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അടിയന്തര സാഹചര്യമുള്ള കോളുകൾക്ക് മുൻഗണന നൽക്കുന്നു.ഡിജിറ്റൽ നവീകരണത്തിൽ മെച്ചപ്പെട്ട ലൊക്കേഷൻ ട്രാക്കിംഗ്, ഡാറ്റാ കൃത്യത, സൈബർ സുരക്ഷ എന്നിവയും ഉൾപ്പെടുന്നു. കോൾ ചെയ്യുന്നവരുടെ അനുഭവം പഴയതുപോലെ തന്നെ തുടരുമെങ്കിലും ബാക്കെൻഡ് സിസ്റ്റത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
AI പവേർഡ് ട്രാൻസ്ലേഷൻ, അടിയന്തര പ്രതികരണ സംഘങ്ങൾക്ക് ഫോട്ടോകളും വീഡിയോകളും ടെക്സ്റ്റ് ചെയ്യാനുള്ള സൗകര്യം എന്നിവ ഭാവിയിൽ സാധ്യമാക്കുന്ന സവിശേഷതകളാണ്.വിശാലമായ ആധുനികവൽക്കരണ പദ്ധതിയുടെ ഭാഗമായുള്ള ഈ നവീകരണം സിസ്റ്റത്തെ കൂടുതൽ സുരക്ഷിതവും വിശ്വസനീയവും കാര്യക്ഷമവുമാക്കുമെന്ന് TPS അധികൃതർ അറിയിച്ചു. കോൾ ചെയ്യുന്നവർക്കും ഓപ്പറേറ്റർമാർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഈ മുന്നേറ്റം അടിയന്തര സേവനങ്ങളുടെ മേഖലയിൽ ഒരു മാതൃകയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.



