ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിലെ ഹോളിറൂഡിൽ ‘Vida Nova Recovery’ എന്ന പേരിൽ പുതിയ ഡി അഡിക്ഷൻ സെന്റർ 2025 ജൂലൈ പകുതിയോടെ പ്രവർത്തനം ആരംഭിക്കും. സാൽമോണിയർ ലൈനിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ സെന്റർ, മുമ്പ് ഒരു സമ്മർ ക്യാമ്പായി ഉപയോഗിച്ചിരുന്ന കെട്ടിടത്തെ പൂർണമായും പുനർനിർമ്മിച്ചാണ് സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 54 കിടക്കകളുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ഈ സെന്റർ, ലഹരി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് മെഡിക്കൽ കെയർ പ്ലാൻ (MCP) പ്രോഗ്രാമിലൂടെ ചികിത്സ നൽകാനാണ് ലക്ഷ്യമിടുന്നത്.
സഹസ്ഥാപകരായ റയാൻ കിർബിയും മാർക്ക് ലെയ്നും സ്വന്തം വീടുകൾ പണയപ്പെടുത്തി 1.1 മില്യൺ ഡോളർ ഈ പദ്ധതിയിൽ നിക്ഷേപിച്ചിട്ടുണ്ട്. ലഹരിക്കടിമയായി പിന്നീട് പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടിയ അനുഭവമുള്ള കിർബി, ചികിത്സയ്ക്ക് ആഗ്രഹിക്കുന്നവർക്ക് വേഗത്തിൽ സേവനം ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് പറയുന്നു. പ്രത്യേകിച്ചും ചികിത്സ കേന്ദ്രത്തിൽ തന്നെയുള്ള ഡിറ്റോക്സ് എന്ന വിഭാഗം സജ്ജീകരിച്ചിട്ടുള്ളത് അടിയന്തിര ചികിത്സ ആവശ്യമുള്ളവർക്ക് പെട്ടെന്ന് സേവനം ലഭ്യമാക്കുന്നതിന് സഹായിക്കും.
മെഡിക്കൽ ഡയറക്ടർ ഡോ. ആന്റണി പാരെൽ, മാനേജിംഗ് ഡയറക്ടർ മെലിസ വെൽസ് എന്നിവർ കിർബിയോടൊപ്പം വ്യക്തികേന്ദ്രീകൃതവും വിപുലീകരിക്കാൻ സാധിക്കുന്നതുമായ ചികിത്സാ മാതൃകയാണ് ഈ സെന്ററിൽ നടപ്പിലാക്കുന്നതെന്ന് അറിയിച്ചു. ഭാവിയിൽ പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിലേക്കും ഈ മാതൃക വ്യാപിപ്പിക്കാൻ സാധിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഇപ്പോൾ തന്നെ ദിവസവും ഈ സേവനങ്ങൾക്കായി ആളുകൾ അന്വേഷിച്ച് എത്തുന്നുണ്ട്.
ബെൽവുഡ് ഹെൽത്ത് സർവീസസിന്റെ മുൻ CEO ലിൻഡ ബെൽ, ഹ്രസ്വകാല ചികിത്സയ്ക്ക് പകരമായി, രോഗിക്ക് തുടർച്ചയായ പിന്തുണ ഉറപ്പാക്കുന്ന രീതിയിലാണ് Vida Nova പ്രവർത്തിക്കുന്നത് പൊതുജനാരോഗ്യ പരിരക്ഷയുടെ കീഴിൽ ഔദ്യോഗികമായി രോഗികളെ പ്രവേശിപ്പിക്കുന്നതിന് സർക്കാർ കരാർ ഉറപ്പാക്കുന്നതിനായി പ്രവിശ്യ ആരോഗ്യ-സമൂഹ സേവന വകുപ്പുമായി ടീം ഇപ്പോൾ പ്രവർത്തിച്ചു വരുന്നു.



