ആൽബർട്ടയിലെ എഡ്സണിന് പടിഞ്ഞാറ് ഭാഗത്ത് ഞായറാഴ്ച പുലർച്ചെ രണ്ട് സി.എൻ റെയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചു. ഹൈവേ 47നും ടൗൺഷിപ്പ് റോഡ് 530നും സമീപം ഈ രണ്ട് ട്രെയിനുകളുടെ അരികുകൾ പരസ്പരം തട്ടിയാണ് കൂട്ടിയിടി സംഭവിച്ചത്. ഒരു ട്രെയിൻ ധാന്യങ്ങളും മറ്റേത് ബാറ്ററികളും കൊണ്ടു പോകുന്നതായിരുന്നു.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ബ്രേക്ക് തകരാറിനെ തുടർന്ന് നിരവധി ധാന്യ കാരുകൾ പാളം തെറ്റിയതായി സൂചിപ്പിക്കുന്നു. എന്നിരുന്നാലും, അപകടത്തിൽ പരിക്കുകളോ, തീ പിടുത്തമോ, അപകടകരമായ വസ്തുക്കളുടെ ചോർച്ചയോ റിപ്പോർട്ട് ചെയ്തിട്ടില്ല. സി.എൻ റെയിൽ ജീവനക്കാരും പ്രാദേശിക രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്തിച്ചേർന്നിരുന്നു, കൂടാതെ അന്വേഷണം നടക്കുന്ന സമയത്ത് ട്രാക്കുകൾ അടച്ചിട്ടിരിക്കുകയാണ്.
പൊതുജനങ്ങൾക്ക് യാതൊരു അപകട സാധ്യതയും ഇല്ലെന്നും, ഈ അപ്രതീക്ഷിത തടസ്സത്തിന് ക്ഷമ ചോദിക്കുന്നു എന്ന് സി.എൻ റെയിൽ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഹൈവേയുടെയും റെയിൽ പാതയുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്, ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് വിശദമായ അന്വേഷണം നടത്തുകയും ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും.



