2025 വിക്ടോറിയ ദിനഘോഷങ്ങൾക്ക് സജ്ജമായി ടൊറന്റോ നഗരം. വെടിക്കെട്ടുകളും സാംസ്കാരിക പരിപാടികളും നല്ല കാലാവസ്ഥയും നിവാസികൾക്കും സന്ദർശകർക്കും സന്തോഷം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും മഴയോട് കൂടിയ കാലാവസ്ഥ ആയിരിക്കുമെങ്കിലും, ഞായറാഴ്‌ച മുതൽ വെയിലിലേക്ക് മാറുമെന്ന് എൻവയോൺമെന്റ് കാനഡ പ്രവചിച്ചു.
പ്രധാന വെടിക്കെട്ട് പ്രദർശനങ്ങൾ ആഷ്ബ്രിഡ്ജസ് ബേ പാർക്കിൽ തിങ്കളാഴ്ച രാത്രി 10 മണിക്കും കാനഡാസ് വണ്ടർലാൻഡിൽ ഞായറാഴ്ച രാത്രിയും നടക്കും. സ്വകാര്യ വെടിക്കെട്ടുകൾ തിങ്കളാഴ്ച രാത്രി 11 വരെ സ്വകാര്യ സ്ഥലങ്ങളിൽ മാത്രമേ അനുവദനീയമാകൂ, പാർക്കുകളിലും ബീച്ചുകളിലും അവ കർശനമായി നിരോധിച്ചിട്ടുണ്ട്.
ഈ അവധിക്കാലത്ത് നിരവധി സ്ഥാപനങ്ങളിൽ പ്രവർത്തന മാറ്റങ്ങളുണ്ട്.
കമ്മ്യൂണിറ്റി സെന്ററുകൾ, ടൊറന്റോ പബ്ലിക് ലൈബ്രറികൾ, സർവീസ് ഒന്റാരിയോ, സർവീസ് കാനഡ എന്നിവയെല്ലാം വിക്ടോറിയ ദിനത്തിൽ പ്രവർത്തിക്കില്ല. പ്രധാന ഷോപ്പിംഗ് മാളുകളിൽ സി.എഫ് ഈറ്റൺ സെന്റർ, വോഗൻ മിൽസ് എന്നിവ തുറന്നിരിക്കുമ്പോൾ യോർക്ഡെയിൽ, ഷെർവേ ഗാർഡൻസ് എന്നിവ തുറക്കില്ല. സി.എൻ ടവർ, ടൊറന്റോ സൂ, റിപ്ലിസ് അക്വേറിയം എന്നിവയുൾപ്പെടെയുള്ള ടൂറിസ്റ്റ് ആകർഷണങ്ങൾ സന്ദർശകർക്കായി സാധാരണ പോലെ തുറന്നിരിക്കും.
ഗതാഗത സംവിധാനങ്ങളും അവധിക്കാല ക്രമീകരണങ്ങൾ നടപ്പിലാക്കുന്നുണ്ട്. ടി.ടി.സി ഞായറാഴ്ചത്തെ ടൈംടേബിൾ പ്രകാരവും ഗോ ട്രാൻസിറ്റ് ശനിയാഴ്ചത്തെ ഷെഡ്യൂൾ പ്രകാരവും പ്രവർത്തിക്കും. ഗ്രോസറി സ്റ്റോറുകളും എൽ.സി.ബി.ഒ ഔട്ട്ലെറ്റുകളും തിങ്കളാഴ്ച അടഞ്ഞിരിക്കുമ്പോൾ ചില ബിയർ സ്റ്റോറുകളും ഡ്രഗ് സ്റ്റോറുകളും കുറച്ച് സമയം പ്രവർത്തിക്കും. വിനോദത്തിനായി സിനപ്ലെക്സ്, ഇമാജിൻ സിനിമാസ് തുടങ്ങിയ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുന്നതാണ് ആശ്വാസകരമായ കാര്യം. ടൊറന്റോയിലെ ഈ നീണ്ട വാരാന്ത്യം അവധിക്കാലത്തിന്റെ ഊർജ്ജവും ഉത്സാഹവും നിറഞ്ഞതാകുമെന്ന് നഗരത്തിലെ അധികൃതർ പ്രതീക്ഷിക്കുന്നു.



