ഒന്റാറിയോയിലെ ഡ്രൈവർമാർക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനവുമായി പ്രീമിയർ ഡഗ് ഫോർഡ് രംഗത്തെത്തി. പിക്കറിങ് മുതൽ ക്ലാരിങ്ടൺ വരെയുള്ള പ്രവിശ്യാ ഉടമസ്ഥതയിലുള്ള ഹൈവേ 407 ഈസ്റ്റിന്റെ ടോൾ നിർത്തലാക്കുമെന്നും മുൻപ് താൽക്കാലികമായി വെട്ടിക്കുറച്ച ആ ഗ്യാസ് നികുതി സ്ഥിരമാക്കുകയാണെന്നും ചൊവ്വാഴ്ച പിക്കറിങ്ങിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. 2025 ജൂൺ 1 മുതൽ ബ്രോക്ക് റോഡ് മുതൽ ഹൈവേ 35/115 വരെയുള്ള പ്രവിശ്യാ ഉടമസ്ഥതയിലുള്ള ഹൈവേ 407ന്റെ ഭാഗത്തു നിന്ന് ടോൾ നിർത്തലാക്കാനുള്ള നിയമ നിർമ്മാണം സർക്കാർ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്യാസ് നികുതി വെട്ടിക്കുറച്ച് സ്ഥിരമാക്കുന്നതു വഴി ഒരു കുടുംബത്തിന് ശരാശരി വാർഷിക 115 ഡോളർ ലാഭിക്കാൻ കഴിയുമെന്ന് പ്രൊവിൻഷ്യൽ സർക്കാർ അറിയിച്ചു. അതേസമയം, ഹൈവേ 407ന്റെ ഒരു ഭാഗത്തുനിന്ന് ടോൾ നിർത്തലാക്കുന്നത് ദിവസവും യാത്ര ചെയ്യുന്നവർക്ക് പ്രതിവർഷം 7,200 ഡോളർ വരെ ലാഭിക്കാൻ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. 2022 ജൂലൈയിൽ ലിറ്ററിന് 5.7 സെന്റ് നിരക്കിൽ ഗ്യാസ് നികുതിയും, 5.3 സെന്റ് നിരക്കിൽ ഡീസൽ നികുതിയും ഫോർഡ് സർക്കാർ താൽക്കാലികമായി വെട്ടിക്കുറച്ചിരുന്നു. പിന്നീട് നാലു തവണ ഈ കുറവ് നീട്ടി ക്കൊടുക്കുകയും ചെയ്തു.
ഈ നടപടികളുടെ ഭാഗമായി പ്രവിശ്യാ ഉടമസ്ഥതയിലുള്ള എല്ലാ ഹൈവേ ഭാഗങ്ങളിലും ടോൾ ഇനി ഉണ്ടാകില്ല. എന്നാൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭാഗങ്ങളിൽ ടോൾ തുടരും. ഈ നികുതി വെട്ടിക്കുറച്ചത് സർക്കാരിന് എത്രമാത്രം നഷ്ടമുണ്ടാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ നടപടിയെല്ലാം നികുതി അടയ്ക്കുന്നവരുടെ പണം അവർക്കു തിരികെ നൽകി തരുന്നതാണ്” എന്ന് ഫോർഡ് പറഞ്ഞു. കഴിഞ്ഞ കാല സർക്കാരുകൾ പലപ്പോഴും അത് അവരുടെ പണമാണെന്ന് കരുതിയിരുന്നു. ഞങ്ങൾ അത് സർക്കാരിന്റെ പണമാണെന്ന് കരുതുന്നില്ല; അത് നികുതിദായകരുടെ പണമാണ് എന്നും അദ്ദേഹം കൂടിച്ചേർത്തു.
തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ ബജറ്റ് പുറത്തിറക്കാൻ സർക്കാർ ഒരുങ്ങുന്ന വേളയിലാണ് ഈ വാർത്ത വരുന്നത്. വ്യാഴാഴ്ച ക്വീൻസ് പാർക്കിൽ ധനമന്ത്രി പീറ്റർ ബെഥ്ലെൻ ഫാൽവി ഒന്റാറിയോയുടെ ഏറ്റവും പുതിയ ബജറ്റ് അവതരിപ്പിക്കും. യു.എസ് താരിഫുകളിൽ നിന്ന് ഒന്റാറിയോയുടെ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഈ ബജറ്റിലെ പ്രധാന വിഷയമായി പ്രതീക്ഷിക്കുന്നു. ഹൈവേ 401ന് കുറുകെ ജി.ടി.എ യിലുടനീളം തുരങ്കം നിർമ്മിക്കാനുള്ള പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നതായി ഫോർഡ് സ്ഥിരീകരിച്ചു.



