ഇന്ത്യയുടെ ആദ്യ മനുഷ്യവാഹിനി സബ്‌മെഴ്‌സിബിൾ വാഹനമായ ‘മത്സ്യ’യുടെ 6000 മീറ്റർ ആഴക്കടൽ ദൗത്യം 2026 അവസാനത്തോടെ നടപ്പാക്കിയേക്കും. ഈ ദൗത്യം ഇന്ത്യയുടെ സമുദ്രഗവേഷണ മേഖലയിൽ നാഴികക്കല്ലാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (എൻഐഒടി) ഡയറക്ടർ ഡോ. ബാലാജി രാമകൃഷ്ണൻ വ്യക്തമാക്കി. ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ദേശീയ പരിശീലന ശിൽപശാല കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ഡോ ബാലാജി രാമകൃഷ്ണൻ. ആഴക്കടൽ ദൗത്യത്തിന്റെ നോഡൽ ഏജൻസിയായ എൻ ഐ ഒ ടിയാണ് ‘മത്സ്യ’യുടെ വികസനം മുന്നോട്ട് കൊണ്ടുപോകുന്നത്.
മൂന്ന് ശാസ്ത്രജ്ഞരെ വഹിച്ചുള്ള ആഴക്കടൽ പര്യവേക്ഷണത്തിനാണ് ‘മത്സ്യ’ തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഈ നാലാം തലമുറ സബ്മഴ്സിബിൾ വാഹനത്തിന് 25 ടൺ ഭാരമുണ്ട്. സമുദ്രത്തിനടിയിലെ അതിതീവ്ര മർദത്തെയും മറ്റ് പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ പാകത്തിലാണ് രൂപകൽപന. ആഴക്കടലിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളുടെ വിലയിരുത്തൽ, സമഗ്രമായ സമുദ്രനിരീക്ഷണം, ആഴക്കടൽ ടൂറിസത്തിന്റെ സാധ്യത തുടങ്ങിയവയ്‌ക്ക് വഴിതുറക്കുകയാണ് ലക്ഷ്യം. ഈ വർഷം അവസാനത്തോടെ മത്സ്യ 500 മീറ്റർ ആഴത്തിലേക്ക് പരീക്ഷണ ലോഞ്ചിങ് നടത്തും. അടിത്തട്ടിലേക്കും മുകളിലേക്കും നാല് മണിക്കൂർവീതം സമയം ഇതിനാവശ്യമാണെന്നാണ് കണക്കുക്കൂട്ടൽ. ആഴക്കടലിൽനിന്ന് സാമ്പിളുകൾ ശേഖരിക്കും.ഇതുവരെ നേരിട്ടെത്താത്ത സമുദ്രാന്തർഭാഗങ്ങളിലെ ജീവജാലങ്ങളുടെയും ജലത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കാനും അവസരമൊരുക്കും.
‘സമുദ്രജീവ’ എന്ന സാങ്കേതികവിദ്യ കടൽകൂടുകൃഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തും. മത്സ്യകൂടുകളിൽ സ്ഥാപിച്ച സെൻസറുകൾ വഴി മീനിന്റെ വളർച്ചയും ജലഗുണനിലവാരവും കരയിൽനിന്ന് നിരീക്ഷിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ഇത്തരം നൂതന സാങ്കേതിക വിദ്യകൾ സമുദ്രമത്സ്യ മേഖലയിൽ സുസ്ഥിര വികസനത്തിന് വേഗത പകരുമെന്ന് ഡോ. ബാലാജി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.



