ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ രാജാവ് വിരാട് കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കോഹ്‍ലി ഈ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. 2011-ൽ വെസ്റ്റ് ഇൻഡീസിനെതിരെ കിംഗ്സ്റ്റണിൽ അരങ്ങേറ്റം കുറിച്ച കോഹ്‍ലി, 14 വർഷത്തെ തിളക്കമാർന്ന കരിയറിനാണ് ഇപ്പോൾ വിരാമമിട്ടിരിക്കുന്നത്. “ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ എങ്ങോട്ടൊക്കെ കൊണ്ടുപോകുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല,” എന്ന് കോഹ്‍ലി തന്റെ വിരമിക്കൽ പ്രഖ്യാപനത്തിൽ പറഞ്ഞു.
ഇന്ത്യക്കായി 123 ടെസ്റ്റുകളിൽ കളിച്ച കോഹ്‍ലി 46.85 ശരാശരിയിൽ 9230 റൺസാണ് നേടിയത്. 30 സെഞ്ച്വറികളും 31 അർധസെഞ്ച്വറികളും അദ്ദേഹത്തിന്റെ സമ്പന്നമായ കരിയറിനെ അടയാളപ്പെടുത്തുന്നു. നായകനെന്ന നിലയിലും കോഹ്‍ലി തന്റെ മുദ്ര പതിപ്പിച്ചു. 68 ടെസ്റ്റുകളിൽ ഇന്ത്യൻ നായകനായ അദ്ദേഹം 40-ലധികം മത്സരങ്ങളിൽ രാജ്യത്തെ വിജയത്തിലേക്ക് നയിച്ചു, 58.82% എന്ന ശ്രദ്ധേയമായ വിജയശതമാനം കൈവരിച്ചു. 2018-2019 കാലഘട്ടത്തിൽ ഓസ്ട്രേലിയൻ മണ്ണിൽ ബോർഡർ-ഗവാസ്കർ ട്രോഫി നേടിയത് കോഹ്‍ലിയുടെ നായകത്വത്തിലെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.
എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കോഹ്‍ലിയുടെ ടെസ്റ്റ് പ്രകടനത്തിൽ ഇടിവ് ഉണ്ടായിരുന്നു. ഈ കാലയളവിൽ കളിച്ച 37 ടെസ്റ്റുകളിൽ മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 1990 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. എന്നിരുന്നാലും, ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറികൾ (7) നേടിയ താരമെന്ന റെക്കോർഡ് കോഹ്‍ലിയുടേതാണ്, സച്ചിൻ തെണ്ടുൽക്കറിനെയും (6) വിരേന്ദർ സെവാഗിനെയും (6) മറികടന്ന നേട്ടം. “ടെസ്റ്റ് ക്രിക്കറ്റിനായി ഞാൻ കഠിനാധ്വാനം ചെയ്തു. അതിനേക്കാൾ എത്രയോ അധികം ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് തിരികെ നൽകി,” എന്ന് കോഹ്‍ലി തന്റെ വിടവാങ്ങൽ സന്ദേശത്തിൽ കൂട്ടിച്ചേർത്തു,



