വെടിനിർത്തൽ ധാരണ ലംഘിച്ച പാക്കിസ്ഥാന്റെ നടപടി നിന്ദ്യമെന്ന് ഇന്ത്യ. ധാരണ ലംഘിച്ച പാക്കിസ്ഥാൻ മറുപടി പറയണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ആവശ്യപ്പെട്ടു. ‘കര, വ്യോമ, നാവിക സേനാ നടപടികളെല്ലാം നിർത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണ നിലവിൽവന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും തുടർച്ചയായി പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഉചിതമായ രീതിയിൽ പ്രതികരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. പാക്കിസ്ഥാൻ ഈ വിഷയത്തിൽ ഉത്തരവാദിത്തത്തോടെ ഉടൻ ഇടപെടണമെന്നും വിക്രം മിസ്രി ആവശ്യപ്പെട്ടു.
പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചെന്ന വിവരം നേരത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയാണ് അറിയിച്ചത്. ഇരു രാജ്യങ്ങളിലെയും സേനകളിലെ ഡിജിഎംഒമാർ വീണ്ടും സംഭാഷണം നടത്തി. പാകിസ്ഥാൻ്റെ നടപടിയോട് സംയമനത്തോടെയാണ് ഇന്ത്യ പ്രതിരോധിക്കുന്നത്. പാകിസ്ഥാൻ്റെ ഡിജിഎംഒയെ വിളിച്ച് വിഷയത്തിൻ്റെ ഗൗരവം മനസിലാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം വന്ന പത്രക്കുറിപ്പിലാണ് ഈ നിലയിൽ പ്രകോപനം തുടരുകയാണെങ്കിൽ ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചത്.
ശ്രീനഗറിൽ ഉൾപ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും പാക്കിസ്ഥാൻ ഡ്രോൺ ആക്രമണവും നിയന്ത്രണരേഖയിൽ ഷെല്ലാക്രമണവും നടത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ജമ്മു കശ്മീരിലെ ബാരാമുള്ള, ബുദ്ഗാം ഭാഗങ്ങളിലും രാജ്യാന്തര അതിർത്തിയിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുണ്ട്.






