വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനമെന്ന് വിവരം. ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല സമൂഹമാധ്യമത്തിൽ കുറിപ്പു പങ്കുവച്ചു. ‘‘വെടിനിർത്തലിന് എന്താണ് സംഭവിച്ചത്? ശ്രീനഗറിൽ ഉടനീളം സ്‌ഫോടനങ്ങൾ കേട്ടു.’’ – ഒമർ അബ്ദുല്ല എക്സിൽ കുറിച്ചു. വെടിനിർത്തലില്ലെന്ന് പറഞ്ഞ അദ്ദേഹം, വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനം തുടങ്ങിയെന്ന് അറിയിച്ച് ദൃശ്യങ്ങൾ പുറത്ത് വിട്ടു. വിഷയം കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയിലെത്തി കണ്ടു.
ശ്രീനഗറിൽ ഉൾപ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും പാക്കിസ്ഥാൻ ഡ്രോൺ ആക്രമണവും നിയന്ത്രണരേഖയിൽ ഷെല്ലാക്രമണവും നടത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ജമ്മു കശ്മീരിലെ ബാരാമുള്ള, ബുദ്ഗാം ഭാഗങ്ങളിലും രാജ്യാന്തര അതിർത്തിയിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുണ്ട്.
പാക് ഡ്രോണുകൾ ശ്രീനഗർ അതിർത്തിയിലെത്തിയെന്നാണ് സൂചന. ലാൽചൗക്കിൽ ആകാശത്ത് പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകൾ പരിഭ്രാന്തരായി ഓടിയെന്നും വിവരമുണ്ട്. ജമ്മു കശ്മീരിലെ ശ്രീനഗർ, ഉദ്ദംപൂർ, കത്വ രാജസ്ഥാനിലെ ബാർമറിലും ഇന്നലെ പാക് ഡ്രോൺ പതിച്ച ഫിറോസ്‌പൂരിലും അടിയന്തര ബ്ലാക്ക് ഔട്ട് പുറപ്പെടുവിച്ചു. ജയ്‌സാൽമീറിലും സമാന നിയന്ത്രണമുണ്ട്. ചണ്ഡീഗഢിലും പഞ്ചാബിലെ ഹോഷിയാർപൂർ, പത്താൻകോട്ട്, മോഗ എന്നിവിടങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. എല്ലാവരോടും വിളക്ക് അണയ്ക്കാൻ നിർദേശം നൽകി.






