ഇന്ത്യയുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ പാക്കിസ്ഥാൻ സൈന്യത്തിൽ ഭിന്നതയെന്ന് റിപ്പോർട്ട്. സൈനിക മേധാവി അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും സൈന്യത്തിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥർ മുനീറിന്റെ രാജി ആവശ്യപ്പെട്ടെന്നുമാണ് സൂചന. പാക്കിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ ജനറൽ സാഹിർ ഷംഷദ് മിർസയാണ് മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പാക്ക് സൈന്യത്തിന്റെ ഉന്നതതലത്തിലെ ഭിന്നിപ്പു വ്യക്തമാക്കുന്നതാണിത്. മുനീറിനെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതിയുടെ നടപടികൾക്കു വിധേയനാക്കുമെന്നും സൂചനയുണ്ട്. ഷംഷദ് മിർസ സൈനികമേധാവിസ്ഥാനം ഏറ്റെടുത്തെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
അട്ടിമറി അഭ്യൂഹ പ്രചരിക്കുന്നതിനിടയിൽ, കേണലുകൾ, മേജർമാർ, ക്യാപ്റ്റൻമാർ എന്നിവരുൾപ്പെടെ മുതിർന്ന, ഇടത്തരം റാങ്കിലുള്ള പാകിസ്ഥാൻ ആർമി ഓഫീസർമാരുടെ ഒരു സംഘം കരസേനാ മേധാവി ജനറൽ അസിം മുനീറിന്റെ അടിയന്തര രാജി ആവശ്യപ്പെട്ട് രൂക്ഷമായ വിമർശനാം അടങ്ങിയ ഒരു കത്ത് എഴുതിയിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.രാഷ്ട്രീയ വിയോജിപ്പുകൾ നിശബ്ദമാക്കാനും, തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്രിമം കാണിക്കാനും, പത്രസ്വാതന്ത്ര്യം കുറയ്ക്കാനും, രാജ്യത്തിന്റെ നിലവിലുള്ള രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾ കൂടുതൽ ആഴത്തിലാക്കാനും മുനീർ സൈന്യത്തെ ആയുധമാക്കിയതായി കത്തിൽ ആരോപിക്കുന്നു. 2022 നവംബറിൽ സൈന്യത്തിന്റെ ചുമതല ഏറ്റെടുത്ത അസിം മുനീറിനെതിരെ വലിയ വികാരവും രാജ്യത്ത് നിലനിൽക്കുന്നുണ്ട്.



