പെഹൽഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സൈനിക ആക്രമണത്തിൽ പാക് അധീന കശ്മീരിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്താണ് ഇന്ത്യയുടെ തിരിച്ചടി. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമത്തിലൂടെ സൈന്യം പ്രതികരിച്ചു. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ബഹവൽപൂർ, മുസാഫറബാദ്, കോട്ലി, മുരിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സഈദ് നയിക്കുന്ന ഭീകരസംഘടന ലഷ്‌കർ-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്‌കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂർ, മസൂദ് അസ്ഹർ നയിക്കുന്ന ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്. അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ സൈനിക ആക്രമണങ്ങൾ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന്റെ പതിനാലാം ദിവസമാണ് തിരിച്ചടി. ‘ഭാരത് മാതാ കീ ജയ്’ എന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എക്‌സിൽ കുറിച്ചത്
‘കൃത്യമായ രീതിയിൽ ഉചിതമായി പ്രതികരിക്കുന്നു’ എന്നാണ് ആക്രമണത്തെ ഇന്ത്യയുടെ സായുധ സേന എക്‌സ് പോസ്റ്റിൽ വിശേഷിപ്പിച്ചത്. പാക് സൈനിക കേന്ദ്രങ്ങളെയല്ല, ഭീകര കേന്ദ്രങ്ങളാണ് സൈന്യം ലക്ഷ്യമിട്ടതെന്നും കൃത്യമായി സംയമനം പാലിച്ചുള്ള നടപടിയാണ് ഇന്ത്യയിൽ നിന്നുണ്ടായതെന്നും സൈന്യം വ്യക്തമാക്കി. അതേസമയം കശ്മീരിലെ പൂഞ്ച്-രജൗരി മേഖലയിലെ ഭിംബർ ഗലിയിൽ പാക്‌സൈന്യം വെടിവെപ്പ് നടത്തിയതായി സൈന്യം അറിയിച്ചു.






