ടൊറന്റോയിൽ നടന്ന പരേഡിൽ ഇന്ത്യൻ നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഖാലിസ്ഥാനി അനുഭാവികൾ നടത്തിയ പരേഡിനെ അപലപിച്ച് ഇന്ത്യ. ഇക്കാര്യത്തിൽ ഇന്ത്യ കാനഡയോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന പരേഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ഇന്ത്യൻ നേതാക്കളെ ആക്രമിക്കുന്ന ഖാലിസ്ഥാൻ അനുകൂല പ്രചാരണങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. പരേഡിനെതിരെ ഇന്ത്യ ന്യൂഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനിൽ പ്രതിഷേധം അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
“ടൊറന്റോയിൽ നടന്ന പരേഡിൽ ഞങ്ങളുടെ നേതൃത്വത്തിനും കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും എതിരെ അസ്വീകാര്യമായ ചിത്രങ്ങളും ഭീഷണി ഭാഷകളും ഉപയോഗിച്ചതിൽ ഞങ്ങൾ കനേഡിയൻ ഹൈക്കമ്മീഷനെ ശക്തമായ ഭാഷയിൽ ആശങ്ക അറിയിച്ചു,” എന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. വിദ്വേഷം പ്രചരിപ്പിക്കുകയും തീവ്രവാദവും വിഘടനവാദ അജണ്ടയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യ വീണ്ടും കനേഡിയൻ അധികാരികളോട് ആവശ്യപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയ്ക്കുന്ന രീതിയിലുള്ള പരേഡ് ഉണ്ടായത്.
ഖാലിസ്ഥാൻ നേതാവ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു ഇന്ത്യ – കാനഡ ബന്ധം വഷളായത്. എന്നാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഇന്ത്യയിലെയും കാനഡയിലെയും സുരക്ഷാ ഉദ്യോഗസ്ഥർ ബന്ധം പുനരാരംഭിച്ചു, പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള സാധ്യത ഇരുപക്ഷവും പരിശോധിച്ചു. ഇതിനൊക്കെ തടയിടുന്ന രീതിയിലാണ് ഇപ്പോൾ പുതിയ പ്രകോപനം






