ക്യുബെക്കിലെ കുടുംബ ഡോക്ടർമാരുടെ കൂട്ടായ്മ സംസ്ഥാന സർക്കാർ നിർദ്ദേശിച്ച പുതിയ വേതന മാതൃക ഏകകണ്ഠമായി തള്ളി. ഫെഡറേഷൻ ഓഫ് ജനറൽ പ്രാക്ടീഷണേഴ്സ് ഓഫ് ക്യുബെക് (FMOQ) വാരാന്ത്യ യോഗത്തിൽ എടുത്ത തീരുമാനത്തിൽ, രോഗികളെ നിറത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്ന രീതി “അപമാനകരവും” അടിസ്ഥാനപരമായ പിഴവുകളുള്ളതുമാണെന്ന് വിലയിരുത്തി. ഈ പദ്ധതിയിൽ രോഗികളെ അവരുടെ ആരോഗ്യ സ്ഥിതി അനുസരിച്ച് പച്ച (ആരോഗ്യമുള്ളവർ) മുതൽ ചുവപ്പ് (സങ്കീർണ്ണ അവസ്ഥകളുള്ളവർ) വരെ തരംതിരിച്ച്, ഓരോ രോഗിക്കും $12 മുതൽ $223 വരെ വ്യത്യസ്ത നിരക്കിൽ വേതനം നിശ്ചയിക്കുന്നതാണ് സംവിധാനം.
ഈ മാതൃക ഡോക്ടർ-രോഗി ബന്ധത്തിന്റെ അടിസ്ഥാനമായ വിശ്വാസത്തെ തകർക്കുമെന്ന് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു. “ഒരാളുടെ ആരോഗ്യ നില സെക്കൻഡുകൾക്കുള്ളിൽ പച്ചയിൽ നിന്ന് ചുവപ്പിലേക്ക് മാറിയേക്കാം,” എന്ന് മോണ്ട്രിയൽ അസോസിയേഷൻ ഓഫ് ഫാമിലി ഫിസീഷ്യൻസ് മേധാവി ഡോ. സാമർ ദഹർ ചൂണ്ടിക്കാട്ടി. മനുഷ്യരെ റോബോട്ടുകളോ യന്ത്രങ്ങളോ പോലെ എളുപ്പത്തിൽ വർഗീകരിക്കാനാവില്ലെന്നും, ചികിത്സയുടെ തുടർച്ചയും സമഗ്രതയും ഈ സംവിധാനത്തിൽ അപകടത്തിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്ടർമാർ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വിവാദ നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നതിനു പകരം അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാത്തതിനാണ്. ക്യു ബെക്കിൽ ഏകദേശം 2,000 കുടുംബ ഡോക്ടർമാരുടെ ഒഴിവുകളുണ്ട്. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഡോക്ടർമാരുടെ ക്ഷാമം, ജീവനക്കാരുടെ അസന്തുലിതാവസ്ഥ എന്നിവ പരിഹരിക്കാതെ പുതിയ വേതന സമ്പ്രദായം മാത്രം കൊണ്ട് ആരോഗ്യമേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല എന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
നിലവിലുള്ള വ്യക്തിഗത രോഗി രജിസ്ട്രേഷനു പകരം കൂട്ട രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുന്നതിനെയും FMOQ എതിർത്തു. ട്രഷറി ബോർഡ് നിരസനം അംഗീകരിച്ചിട്ടുണ്ടെങ്കിലും, ചർച്ചകൾ തുടരുമെന്നും ക്വിബെക്കിലെ ജനങ്ങൾക്ക് അവരുടെ ഡോക്ടർമാരിലേക്കുള്ള പ്രവേശനം നഷ്ടപ്പെടില്ലെന്നും ഔദ്യോഗിക വക്താക്കൾ ഉറപ്പുനൽകി. എന്നിരുന്നാലും, ഇരുകൂട്ടരും തമ്മിലുള്ള ബന്ധം സങ്കീർണമായ ഘട്ടത്തിലാണെന്നും അടുത്ത മാസങ്ങളിൽ ചർച്ചകൾ കൂടുതൽ പ്രയാസകരമായി മാറിയേക്കാമെന്നും വിദഗ്ധർ വിലയിരുത്തുന്നു.



