ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിലെ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 78 ശതമാനം വോട്ടുകൾ നേടി ജോൺ ഹോഗൻ വിജയിച്ചു. ആൻഡ്രൂ ഫ്യൂറിയുടെ പിൻഗാമിയായി എത്തിയ ഹോഗൻ, മുൻ സർക്കാരിന്റെ പല സംരംഭങ്ങളും തുടരുമെന്ന് ഉറപ്പുനൽകിയെങ്കിലും, തനിക്കു സ്വന്തമായ നേതൃശൈലിയുണ്ടെന്നും ആരോഗ്യ പരിചരണം, അടിയന്തിര വിഭാഗങ്ങളിലെ കാത്തിരിപ്പ് സമയം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.
എന്നാൽ പ്രൊഗ്രസ്സീവ് കൺസർവേറ്റീവുകളുടെ ടോണി വേക്ക്ഹാമും എൻഡിപിയുടെ ജിം ഡിന്നും ഹോഗന്റെ വിജയത്തെ സ്വാഗതം ചെയ്തെങ്കിലും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യഥാർഥ മാറ്റങ്ങൾ ഉണ്ടാകുമോ എന്ന് സംശയം പ്രകടിപ്പിച്ചു. നേതാവിന്റെ മുഖം മാറിയെന്നല്ലാതെ സർക്കാരിന്റെ അടിസ്ഥാന ഘടനയിലും വെല്ലുവിളികളിലും മാറ്റമില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. നീതി, ആരോഗ്യ മേഖലകളിലെ ഹോഗന്റെ മുൻകാല പ്രവർത്തനത്തെ വേക്ക്ഹാം വിമർശിച്ചപ്പോൾ, ജീവിതച്ചെലവ്, സുതാര്യത എന്നിവയെക്കുറിച്ച് ഡിന്ന് ആശങ്ക പ്രകടിപ്പിച്ചു.
ചർച്ചിൽ ഫാൾസ് ജലവൈദ്യുത പദ്ധതി ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ട ഘട്ടത്തിലാണ് ഹോഗൻ അധികാരമേറ്റെടുക്കുന്നത്. 2026 ഏപ്രിൽ ഓടെ 200 ബില്യൺ ഡോളറിന്റെ ഈ കരാർ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിയമരംഗത്തെ പരിചയവും പ്രധാന കോക്കസ് അംഗങ്ങളുടെ പിന്തുണയും ചർച്ചകളിൽ ഗുണകരമാകുമെന്ന് കരുതപ്പെടുന്നു.
ഒക്ടോബറിനുമുമ്പ് തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ, തന്റെ നേതൃത്വത്തിന്റെ ഫലപ്രാപ്തി തെളിയിക്കാനുള്ള സമയം പരിമിതമാണ്. ആരോഗ്യം, ജീവിതച്ചെലവ്, സാമ്പത്തിക പുനരുജ്ജീവനം എന്നിവയിൽ പ്രതീക്ഷകൾ ഉയരുന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ അദ്ദേഹത്തിന്റെ നേതൃത്വം സൂക്ഷ്മനിരീക്ഷണത്തിലായിരിക്കും.



