രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം കാനഡയുടെ സമ്പദ്വ്യവസ്ഥയിലെ ഏറ്റവും വലിയ പരിവർത്തനത്തിന് മേൽനോട്ടം വഹിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പ്രഖ്യാപനം. സമ്പദ് വ്യവസ്ഥ കരുത്തുറ്റതാകുന്നതോടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് എതിർത്തുനിൽക്കാൻ അത് കാനഡയ്ക്ക് കൂടുതൽ ഊർജം നൽകുമെന്നും അദ്ദേഹം പറഞ്ഞു
“ഒരു പുതിയ കനേഡിയൻ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിന് നമ്മുടെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ ഇത് അവിശ്വസനീയമാംവിധം ആവേശകരമായ സമയമായിരിക്കും,” കാർണി പറഞ്ഞു. ഇതിനായി, ജൂലൈ 1-നകം കാനഡയിലെ പ്രവിശ്യകൾക്കിടയിലുള്ള നിലവിലുള്ള വ്യാപാര തടസ്സങ്ങൾ ഇല്ലാതാക്കുമെന്നും സഖ്യകക്ഷികളുമായി വ്യാപാരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ലോകത്തിന് വേണ്ടതെല്ലാം കാനഡയിലുണ്ടെന്നും അതിനാൽ വ്യാപാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയുടെ സമ്പദ്വ്യവസ്ഥയെ പരിവർത്തനം ചെയ്യുമെന്നും അത് എല്ലാ രീതിയിലും രാജ്യത്തിന് പുത്തൻ ഉണർവാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.



