നിങ്ങൾ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തിവേണം യാത്രകൾ പ്ലാൻ ചെയ്യാൻ.
പുറപ്പെടുന്നതിന് മുമ്പ്, നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എന്തെങ്കിലും യാത്രാ ഉപദേശങ്ങളോ മുന്നറിയിപ്പുകളോ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ചില ജനപ്രിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ നിലവിൽ പ്രാബല്യത്തിലുള്ള ചില കനേഡിയൻ സർക്കാറിന്റെ യാത്രാ ഉപദേശങ്ങൾ പരിശോധിക്കാം.
സ്പെയിൻ
സ്പെയിനിലെ തീവ്രവാദ ഭീഷണി കാരണം യാത്രക്കാർ ജാഗ്രത പാലിക്കാൻ കനേഡിയൻ സർക്കാർ മുന്നറിയിപ്പ് നൽകുന്നു.സ്പെയിനിലെ നിലവിലെ തീവ്രവാദ ഭീഷണി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. യൂറോപ്പിൽ തീവ്രവാദ ഭീഷണിയുണ്ടെന്നും നിരവധി നഗരങ്ങളിൽ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും കനേഡിയൻ സർക്കാർ പറഞ്ഞു.
ഫ്രാൻസ്
ഭീകരവാദ ഭീഷണി കാരണം ഫ്രാൻസിലേക്ക് പോകുന്ന യാത്രക്കാർ ജാഗ്രത പാലിക്കാൻ കാനഡ നിർദ്ദേശിക്കുന്നു. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫ്രാൻസിൽ, നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്,ഇത് നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായി. കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ട്” ഉപദേശക സമിതി പറയുന്നു.
മെക്സിക്കോ
ക്രിമിനൽ പ്രവർത്തനങ്ങളുടെയും തട്ടിക്കൊണ്ടുപോകലിന്റെയും കേന്ദ്രമാണ് മെക്സിക്കോ.അതിനാൽ സഞ്ചാരികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു. അക്രമവും സംഘടിത കുറ്റകൃത്യങ്ങളും കാരണം ചിയാപാസ്, ചിഹുവാഹുവ തുടങ്ങിയ ചില സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ജനങ്ങളോട് നിർദ്ദേശിക്കുന്നു.
ബഹാമാസ്
കാനഡയുടെ യാത്രാ ഉപദേശമനുസരിച്ച്, പ്രത്യേകിച്ച് നസ്സാവുവിലും ഫ്രീപോർട്ടിലും കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലായതിനാൽ ബഹാമാസിൽ യാത്രക്കാർ വളരെ ജാഗ്രത പാലിക്കണം എന്നാണ് വ്യക്തമാക്കുന്നത്. പകൽ സമയങ്ങളിൽ പോലും പിക്ക് പോക്കറ്റിംഗ്, ബാഗ് പിടിച്ചുപറി, കവർച്ച, കാർ തട്ടിക്കൊണ്ടുപോകൽ, അക്രമാസക്തമായ കുറ്റകൃത്യങ്ങൾ എന്നിവ നടക്കുന്നു, കൂടാതെ അവധി ദിവസങ്ങളിലും ഉത്സവങ്ങളിലും റെഗട്ടകളിലും കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു എന്ന് കനേഡിയൻ സർക്കാർ മുന്നറിയിപ്പ് നൽകുന്നു.
വിയറ്റ്നാം
വിയറ്റ്നാമിലേക്കുള്ള യാത്രക്കാർ ജാഗ്രത പാലിക്കണം. ടെറ്റ്, അല്ലെങ്കിൽ ലൂണാർ ന്യൂ ഇയർ പോലുള്ള പ്രധാന പൊതു അവധി ദിവസങ്ങളിൽ, പ്രത്യേകിച്ച് വലിയ നഗരങ്ങളിൽ പിക്ക് പോക്കറ്റിംഗും പഴ്സ് പിടിച്ചുപറിയും വ്യാപകമാണെന്ന് ഫെഡറൽ സർക്കാരിന്റെ യാത്രാ ഉപദേശം പറയുന്നു.



