അടുത്തിടെ ബോളിവുഡ് നടി വിദ്യാ ബാലനും നടി ജ്യോതികയും തന്റെ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചത് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റാണെന്ന് വെളിപ്പെടുത്തിയിരുന്നു. തന്റെ ശരീരഭാരം കൂടുന്നതിന് കാരണം കൊഴുപ്പ് അല്ലെന്നും നീരുവീക്കമാണെന്നും , ജിമ്മിൽ പോകാതെ ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് പ്ലാൻ പിന്തുടർന്നതാണ് വണ്ണം കുറയാൻ കാരണമായതെന്നുമുള്ള ഇവരുടെ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. എന്താണ് ഈ നടിമാർ പിന്തുടരുന്ന ഈ ഡയറ്റെന്ന് നോക്കാം.
എന്താണ് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ്?
രോഗ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ് വീക്കം. മുറിവുണ്ടാകുമ്പോൾ ആ ഭാഗം വീർത്തു വരാറില്ലേ. രോഗാണുക്കൾ ഉള്ളിൽ കടക്കാതിരിക്കാൻ ശരീരം പ്രയോഗിക്കുന്ന പ്രതിരോധമാണിത്. എന്നാൽ, ചിലരിൽ നീരുവീക്കം തുടരെത്തുടരെ ഉണ്ടാകാം. ഇതുവഴി വണ്ണം കൂടാം. (വിദ്യ ബാലന്റെ ശരീര ഭാരം കൂടുന്നതിന്റെ കാരണം കൊഴുപ്പല്ല, നീരുവീക്കമാണെന്ന് അവരുടെ ആരോഗ്യ വിദഗ്ധർ പറയുന്നു.) വിട്ടുമാറാത്ത വീക്കം അപകടകാരിയാണ്. മോശം ആരോഗ്യത്തിലേക്ക് ഇതു വിരൽ ചൂണ്ടുന്നു. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കും രക്തത്തിലെ പഞ്ചസാരയെ കൈകാര്യം ചെയ്യാനുള്ള ഇൻസുലിന്റെ കഴിവിനെ ബാധിക്കുക വഴി ടൈപ്പ് 2 പ്രമേഹത്തിനും നീർക്കെട്ട് കാരണമാകാം. സമ്മർദം, ലഹരി ഉപയോഗം തുടങ്ങിയവയും വീക്കത്തിനു കാരണമാകാറുണ്ട്.
ശരീരത്തിന് ഉണ്ടാകുന്ന വീക്കം തടയാനായി പിന്തുടരുന്ന ഭക്ഷണരീതിയാണ് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ്.ഹൃദ്രോഗം, ആർത്രൈറ്റിസ് ,പ്രമേഹം, സമ്മർദ്ദം, മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, അല്ലെങ്കിൽ ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം ഈ ആരോഗ്യപ്രശ്നത്തിന് കാരണമാകും. ഹ്രസ്വകാല വീക്കം സുഖപ്പെടുത്താനാകുമെങ്കിലും ,തുടർച്ചയായ വീക്കം ശരീരത്തിലെ കലകളെ നശിപ്പിക്കുകയും രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഭക്ഷണത്തിന്റെ പ്രധാന്യമേറുന്നത്.
മെച്ചപ്പെട്ട ഭക്ഷണക്രമം ശീലമാക്കിയാൽ രോഗം തടയാനാകും , ഇതിനായി ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്
ഈ ഭക്ഷണങ്ങൾ ശീലമാക്കാം
∙ പഴങ്ങൾ, പച്ചക്കറികൾ, ചെറു ധാന്യങ്ങൾ: ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ അവക്കാഡോ, ബ്ലൂ ബെറി, മുന്തിരി, കാൻ ബെറി, ആപ്പിൾ, സിട്രസ് പഴങ്ങൾ തുടങ്ങിയവ.
∙ കാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിൻ, വൈറ്റമിൻ എ, സി എന്നിവയുടെ സ്രോതസ്സായ കാപ്സിക്കം, വൈറ്റമിൻ സി ധാരാളം അടങ്ങിയ ഉള്ളി എന്നിവയൊക്കെ നീരുവീക്കം കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികളാണ്.
∙ പ്രോ ബയോട്ടിക് വിഭാഗത്തിൽപെടുന്ന ഓട്സ്, വാഴപ്പഴം, യോഗർട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
∙ കൊഴുപ്പ് ലഭിക്കാൻ ഒലിവ് എണ്ണ, കടൽ മത്സ്യങ്ങളായ ചൂര, അയല എന്നിവയും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ ചിയ സീഡ്, ഫ്ലാക്സീഡ് തുടങ്ങിയവയും സഹായിക്കും.
∙ വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ, കറുവപ്പട്ട എന്നിവ ഭക്ഷണത്തിൽ ഉറപ്പാക്കണം. കുരുമുളകിൽ കാണപ്പെടുന്ന പൈപ്പെറിൻ എന്ന സംയുക്തത്തിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഗ്രീൻ ടീ, മഞ്ഞൾ ചേർത്ത പാൽ, ജിൻജർ ടീ തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.



