ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരും സുരക്ഷാ സേനകളും തമ്മിൽ കുൽഗാം വനമേഖലയിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുൽഗാമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തത്. സുരക്ഷാസേന ഉടൻ തന്നെ തിരിച്ചടിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലിടങ്ങളിൽ സൈന്യം ഭീകരരുടെ തൊട്ടടുത്തെത്തിയെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സൈന്യം, സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
ആദ്യം ഭീകരരെ അനന്ത്നാഗിലെ ഹാപ്പത് നഗർ ഗ്രാമത്തിൽ കണ്ടെത്തിയെങ്കിലും, സൈന്യം എത്തുന്നതിന് മുമ്പ് അവർ കടന്നുകളഞ്ഞു. തുടർന്ന് കുൽഗാം വനമേഖലയിൽ ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞുവെങ്കിലും, സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്ത ശേഷം ഭീകരർ വനമേഖലയിലേക്ക് കടന്നു. മൂന്നാമതായി, ത്രാൽ കോക്കർനാഗ് വനമേഖലയിലും ഭീകരരെ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഭീകരർ കോക്കർനാഗ് മേഖലയിലാണെന്നാണ് വിവരം. തെക്കൻ കശ്മീരിൽ നിന്ന് ജമ്മു മേഖലയിലേക്ക് കടക്കാനാണ് ഭീകരർ ശ്രമിക്കുന്നതെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു.
സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം, ഭീകരർ വനമേഖലയ്ക്ക് അടുത്തുള്ള ഗ്രാമത്തിലെ വീടുകളിലെത്തി ഭക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരരെ കണ്ടെത്തിയ നാല് സ്ഥലങ്ങളും പരസ്പരം അടുത്താണുള്ളത്. പഹൽഗാമിൽ നിന്ന് കുൽഗാമിലേക്ക് വനമേഖലയിലൂടെ കടക്കാനാകും, അവിടെ നിന്ന് ത്രാൽ കോക്കർനാഗ് മേഖലയിലേക്കും എളുപ്പം എത്താൻ സാധിക്കും. ഈ കാരണത്താൽ തെക്കൻ കശ്മീരിലെ വനമേഖലകൾ കേന്ദ്രീകരിച്ചാണ് സുരക്ഷാസേന വ്യാപകമായ തിരച്ചിൽ നടത്തുന്നത്. ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൺവാലിയിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. പൈൻ മരങ്ങൾക്കിടയിൽ നിന്ന് ഇറങ്ങിവന്ന ഭീകരർ വിനോദസഞ്ചാരികളെ വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവർക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.






