ആപ്പിൾ കമ്പനി 2026-ഓടെ അമേരിക്കയിൽ വിൽക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയിൽ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനയിൽ നിന്നുള്ള ഉത്പാദനം മാറ്റുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുന്ന നടപടിയാണിത്. പ്രധാനമായും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് ഉത്പന്നങ്ങൾക്ക് മേലുള്ള ഉയർന്ന താരിഫുകൾ ഒഴിവാക്കുന്നതിനാണ് ഈ നീക്കം. നിലവിൽ, അമേരിക്കയിൽ വിൽക്കുന്ന 80% ഐഫോണുകളും ചൈനയിലാണ് നിർമ്മിക്കുന്നത്. ഈ മാറ്റം വരുത്തുന്നതിന് ആപ്പിൾ കമ്പനി ഫോക്സ്കോൺ, ടാറ്റാ (TATA) എന്നീ നിർമ്മാതാക്കളുമായി അടിയന്തര ചർച്ചകൾ നടത്തിവരികയാണ്.
ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഉത്പാദന ചെലവുകൾ 5-10% വരെ ഉയർന്നതാണെങ്കിലും, ഇന്ത്യയിൽ നിന്ന് ഐഫോൺ കയറ്റുമതി വർദ്ധിപ്പിച്ചാൽ, ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്കയിലെ ഉയർന്ന താരിഫുകൾ ഒഴിവാക്കാൻ കഴിയും. 2024 മാർച്ചിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് 2 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ കയറ്റി അയച്ചു. ഇത് ആപ്പിളിന് ഇന്ത്യയിലെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കാൻ പ്രചോദനമായി.
ഇന്ത്യ ആപ്പിളിന്റെ ഒരു പ്രധാന നിർമ്മാണ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ഫോക്സ്കോണും ടാറ്റയും മൂന്ന് ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നുണ്ട്, കൂടാതെ രണ്ടെണ്ണം കൂടി നിർമ്മാണത്തിലാണ്. ഇന്ത്യയിലെ ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ ആപ്പിൾ തങ്ങളുടെ സപ്ലൈ ചെയിൻ വൈവിധ്യവത്കരിക്കുകയും ഒരേ രാജ്യത്തെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. വരും വർഷങ്ങളിൽ ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.



