സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെ തുടർന്ന് വെള്ളം നൽകിയില്ലെങ്കിൽ യുദ്ധം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് പാകിസ്ഥാൻ നൽകിയിരിക്കുന്നത്. പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖവാജ ആസിഫ് ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണി ഉയർത്തിയിരിക്കുകയാണ്. മാധ്യമങ്ങളോട് സംസാരിക്കവെ, പാകിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ വിസ്മരിക്കരുതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ സ്വീകരിച്ച നിലപാടുകൾ സമ്പൂർണ്ണ യുദ്ധത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“ഇരുരാജ്യങ്ങളും ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്നതിനാൽ പൂർണതോതിലുള്ള ഒരു സംഘർഷ സാധ്യതയെക്കുറിച്ച് ലോകം ആശങ്കപ്പെടണം,” എന്ന് ഖവാജ ആസിഫ് പറഞ്ഞു. പാകിസ്ഥാൻ എന്തിനും തയ്യാറാണെന്നും, സാഹചര്യം വഷളായാൽ ഏറ്റുമുട്ടലിന്റെ ഫലം ദാരുണമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യ ആക്രമിക്കുമെന്ന രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്നും, അത്തരത്തിൽ എന്തെങ്കിലും പ്രകോപനം ഉണ്ടായാൽ പാകിസ്ഥാൻ സൈന്യം സുസജ്ജമാണെന്നും, തിരിച്ചടി നൽകുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. പഹൽഗാം ആക്രമണത്തിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും, അന്താരാഷ്ട്ര തലത്തിലുള്ള ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഈ പ്രസ്താവന നടത്തുന്നതിന് മുമ്പ്, പാകിസ്ഥാൻ സർക്കാർ ഇന്ത്യ കര-വ്യോമ നാവിക ആക്രമണം നടത്തിയാൽ അതിനെ നേരിടാൻ സൈന്യം സജ്ജമാണെന്ന് പ്രഖ്യാപിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനെതിരെ പാകിസ്ഥാന് തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന്, 1960 മുതൽ നിലനിന്നിരുന്ന സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുകയും ചെയ്തു. 65 വർഷക്കാലം ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധകാലത്തു പോലും റദ്ദാക്കാതിരുന്ന ഈ കരാർ റദ്ദാക്കിയത് പാകിസ്ഥാന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. അതോടൊപ്പം, പാകിസ്ഥാനി പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവെക്കുകയും, വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കാനും, ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിൻവലിക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അംഗങ്ങളുടെ എണ്ണം 55-ൽ നിന്ന് 30 ആയി കുറയ്ക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.






