വിക്ടോറിയ: വാൻകൂവർ ദ്വീപിന് സമീപം റിക്ടർ സ്കെയിലിൽ 9.0 തീവ്രത രേഖപ്പെടുത്തുന്ന അതിശക്തമായ ഭൂകമ്പത്തിന് (Megathrust Earthquake) സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് കൊളംബിയ സർക്കാരിന്റെ പുതിയ റിപ്പോർട്ട്. 2025 ഒക്ടോബറിൽ തയ്യാറാക്കിയ ഡിസാസ്റ്റർ ആൻഡ് ക്ലൈമറ്റ് റിസ്ക് അസസ്‌മെന്റ് റിപ്പോർട്ടിലാണ് വരാനിരിക്കുന്ന വലിയ പ്രകൃതിദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പുള്ളത്. ഇത്തരമൊരു ഭൂകമ്പം ഉണ്ടായാൽ പ്രവിശ്യയിൽ 3,400-ലധികം മരണങ്ങളും പതിനായിരത്തിലധികം പരിക്കുകളും സംഭവിച്ചേക്കാമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഭൂകമ്പം ഉണ്ടായാൽ ഏകദേശം 128 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്. 18,000 കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും പതിനായിരത്തോളം കെട്ടിടങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യും. വാൻകൂവർ ദ്വീപ്, യുഎസ് അതിർത്തി മുതൽ സൺഷൈൻ കോസ്റ്റ് വരെയുള്ള മെയിൻലാൻഡ് ഭാഗങ്ങൾ ഉൾപ്പെടെയുള്ള 20 കിലോമീറ്റർ പരിധിയിലായിരിക്കും ഭൂകമ്പത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുകയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭൂകമ്പത്തിന് തൊട്ടുപിന്നാലെ പത്ത് മുതൽ ഇരുപത് മിനിറ്റിനുള്ളിൽ വാൻകൂവർ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്ത് സുനാമി ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. വാൻകൂവർ ദ്വീപിന്റെ കിഴക്കൻ തീരങ്ങളിലും ലോവർ മെയിൻലാൻഡ് ഭാഗങ്ങളിലും 30 മുതൽ 60 മിനിറ്റിനുള്ളിൽ സുനാമി തിരമാലകൾ എത്തിയേക്കാം. ഭൂകമ്പത്തോടൊപ്പം വലിയ അളവിലുള്ള മണ്ണിടിച്ചിൽ, ഭൂമി ഒലിച്ചുപോകൽ (Liquefaction), തീപിടുത്തം, വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബ്രിട്ടീഷ് കൊളംബിയയിൽ സംഭവിക്കാൻ സാധ്യതയുള്ള ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നായാണ് ഈ മെഗാത്രസ്റ്റ് ഭൂകമ്പത്തെ സർക്കാർ കണക്കാക്കുന്നത്. ഇതിനുമുമ്പ് 1700-ലാണ് സമാനമായ തീവ്രതയുള്ള ഭൂകമ്പം ഈ മേഖലയിൽ ഉണ്ടായത്. അടുത്ത 30 വർഷത്തിനുള്ളിൽ ഇത്തരമൊരു ദുരന്തം സംഭവിക്കാൻ രണ്ടുമുതൽ പത്ത് ശതമാനം വരെ സാധ്യതയുണ്ടെന്നും ഔദ്യോഗിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
90-quake-in-bc-would-kill-thousands-and-cost-128-billion-report-says
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



