ടൊറന്റോ: കാനഡയിലെ തൊഴിൽ വിപണിയിൽ 2026-ഓടെ വലിയ മാറ്റങ്ങളാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വെറുമൊരു ജോലി എന്നതിലുപരി, പ്രത്യേക നൈപുണ്യങ്ങൾ (Specialized Skills) ആവശ്യമായ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുകയാണ് കനേഡിയൻ കമ്പനികൾ. പുതിയതായി കാനഡയിലേക്ക് എത്തുന്നവർക്കും കുടിയേറ്റത്തിന് തയ്യാറെടുക്കുന്നവർക്കും മികച്ച ശമ്പളവും വേഗത്തിലുള്ള പിആർ (PR) നടപടികളും ഉറപ്പാക്കാൻ സഹായിക്കുന്ന അഞ്ച് പ്രധാന തൊഴിൽ മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു.
ഡാറ്റ അനലിറ്റിക്സ് ആൻഡ് ബിസിനസ് ഇൻ്റലിജൻസ്
ബാങ്കിംഗ്, ആരോഗ്യമേഖല, റീട്ടെയിൽ തുടങ്ങി എല്ലാ മേഖലകളിലും ഡാറ്റ അനലിസ്റ്റുകൾക്ക് വലിയ ഡിമാൻഡാണ്. പ്രതിവർഷം 52,000 ഡോളർ മുതൽ 1,27,000 ഡോളർ വരെയാണ് ഈ മേഖലയിലെ ശമ്പള നിരക്ക്. എക്സൽ, SQL, പവർ ബിഐ (Power BI) തുടങ്ങിയ ടൂളുകൾ പഠിക്കുന്നത് ഈ മേഖലയിൽ വേഗത്തിൽ ജോലി ലഭിക്കാൻ സഹായിക്കും. ബ്രിട്ടീഷ് കൊളംബിയ, ഒന്റാറിയോ തുടങ്ങിയ പ്രവിശ്യകളിലാണ് ഈ ജോലിക്ക് കൂടുതൽ അവസരങ്ങളുള്ളത്.
സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ആൻഡ് ഓട്ടോമേഷൻ
കാനഡയിലെ ടെക് മേഖലയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ഒരു വിഭാഗമാണിത്. പൈത്തൺ (Python), ജാവ (Java), ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ അറിവുള്ളവർക്ക് പ്രതിവർഷം 1,60,000 ഡോളർ വരെ വരുമാനം നേടാം. ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളാണ് പ്രധാന ഹബ്ബുകൾ. ഗ്ലോബൽ ടാലന്റ് സ്ട്രീം വഴി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ വർക്ക് പെർമിറ്റ് നടപടികൾ പൂർത്തിയാക്കാൻ ഈ തൊഴിൽ വിഭാഗത്തിലുള്ളവർക്ക് സാധിക്കും.
സൈബർ സെക്യൂരിറ്റി ആൻഡ് റിസ്ക് മാനേജ്‌മെന്റ്
സൈബർ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സൈബർ സെക്യൂരിറ്റി വിദഗ്ധർക്ക് കാനഡയിൽ വലിയ അവസരങ്ങളാണ് തുറക്കുന്നത്. പ്രതിവർഷം 80,000 ഡോളറിന് മുകളിൽ ശമ്പളം ലഭിക്കുന്ന ഈ മേഖലയിലേക്ക് ആറ് മുതൽ പന്ത്രണ്ട് മാസം വരെയുള്ള പഠനത്തിലൂടെ പ്രവേശിക്കാം. ഒന്റാറിയോയിലെ ബാങ്കിംഗ് മേഖലയിലും ഒട്ടാവയിലെ സർക്കാർ സ്ഥാപനങ്ങളിലും ഇത്തരം വിദഗ്ധരെ വൻതോതിൽ ആവശ്യമുണ്ട്.
ഡിജിറ്റൽ മാർക്കറ്റിംഗ് (പെർഫോമൻസ് ഫോക്കസ്)
വെറും പരസ്യം നൽകുന്നതിന് അപ്പുറം കമ്പനികൾക്ക് കൃത്യമായ ബിസിനസ് നേടിക്കൊടുക്കുന്ന ‘പെർഫോമൻസ് മാർക്കറ്റിംഗ്’ വിദഗ്ധർക്കാണ് ഇപ്പോൾ പ്രിയം. ഗൂഗിൾ ആഡ്‌സ്, മെറ്റാ ആഡ്‌സ്, അനലിറ്റിക്സ് ടൂളുകൾ എന്നിവയിൽ വൈദഗ്ധ്യമുള്ളവർക്ക് 95,000 ഡോളർ വരെ ശമ്പളം ലഭിക്കുന്നുണ്ട്. രണ്ട് മൂന്ന് മാസത്തെ കൃത്യമായ പരിശീലനം കൊണ്ട് ഈ മേഖലയിൽ ജോലി കണ്ടെത്താൻ സാധിക്കും.
പ്രോഡക്റ്റ് മാനേജ്‌മെന്റ്
ഒരു ഉൽപ്പന്നം എങ്ങനെ വികസിപ്പിക്കണം എന്നതിനെക്കുറിച്ച് തീരുമാനമെടുക്കുന്ന തന്ത്രപ്രധാനമായ തസ്തികയാണിത്. എൻജിനീയറിംഗ്, മാർക്കറ്റിംഗ് വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്ന ഈ ജോലിക്ക് 1,50,000 ഡോളർ വരെയാണ് ശമ്പളം. ഡിസൈൻ തിങ്കിംഗ്, ഡാറ്റാ ഡ്രൈവൻ ഡിസിഷൻ മേക്കിംഗ് എന്നിവയിൽ അറിവുള്ളവർക്ക് ഈ മേഖലയിൽ ശോഭിക്കാൻ സാധിക്കും.
ഈ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് എക്സ്പ്രസ് എൻട്രി പോയിന്റുകളിൽ (CRS Score) വലിയ മുന്നേറ്റം നടത്താൻ സാധിക്കുമെന്ന് റോബർട്ട് ഹാഫിന്റെ 2026-ലെ സാലറി ഗൈഡ് വ്യക്തമാക്കുന്നു. കൂടാതെ ഒന്റാറിയോ ടെക് ഡ്രോ, ബിസി ടെക് പൈലറ്റ് തുടങ്ങിയ ഇമിഗ്രേഷൻ പാതകൾ വഴി പിആർ ലഭിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
5 High Paying Skills Newcomers to Canada Need to Learn in 2026



