എഡ്മന്റൺ : ആൽബർട്ട അതിർത്തിയിൽ ബോർഡർ സർവീസസ് ഏജൻസി (സി.ബി.എസ്.എ) നടത്തിയ പരിശോധനയിൽ ടോയ്‌ലറ്റ് പേപ്പർ ലോഡിൽ ഒളിപ്പിച്ച നിലയിൽ 380 കിലോഗ്രാം ലഹരിവസ്തുക്കൾ പിടികൂടി. ജൂലൈ രണ്ടിന് നടന്ന പരിശോധനയിലാണ് 300 കിലോഗ്രാം മെത്താംഫെറ്റമിനും 80 കിലോഗ്രാം കൊക്കെയിനും ഉദ്യോഗസ്ഥർ കണ്ടെടുത്തത്. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് ആൽബർട്ടയിലെ വിൽന ഗ്രാമത്തിലേക്ക് ബാത്ത് ടിഷ്യൂ ടോയ്‌ലറ്റ് പേപ്പർ കയറ്റിക്കൊണ്ടുപോകുകയായിരുന്ന ട്രക്കിൽ നിന്നാണ് വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
പരിശോധന വേളയിൽ ട്രക്കിലെ ചരക്കിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ കൂടുതൽ വിശദമായ തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് 12 പെട്ടികളിലും ഒരു ബാഗിലുമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ അധികൃതർ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കളും ഡ്രൈവറെയും തുടർനടപടികൾക്കായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന് കൈമാറിയതായി ബോർഡർ സർവീസസ് ഏജൻസി അറിയിച്ചു.
മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താനുള്ള വലിയൊരു ശ്രമമാണ് ഉദ്യോഗസ്ഥരുടെ ജാഗ്രത മൂലം തടയാൻ കഴിഞ്ഞതെന്ന് സി.ബി.എസ്.എ റീജിയണൽ ഡയറക്ടർ ജനറൽ ജനലീ ബെൽ-ബോയ്‌ചുക് പറഞ്ഞു. അതിർത്തി വഴിയുള്ള ലഹരി കടത്ത് തടയുന്നതിൽ ഏജൻസി വലിയ ജാഗ്രതയാണ് പുലർത്തുന്നത്. കഴിഞ്ഞ വർഷം മാത്രം വിവിധ പരിശോധനകളിലൂടെ 1,054 കിലോഗ്രാം കൊക്കെയിനും 279 കിലോഗ്രാം മെത്താംഫെറ്റമിനും ഉൾപ്പെടെ വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തിരുന്നതായി ഏജൻസി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Major drug bust at Alberta border: 380 kg of narcotics seized, hidden in a shipment of toilet paper.






