ഒട്ടാവ: രാജ്യത്ത് വർദ്ധിച്ചുവരുന്ന ജൂതവിദ്വേഷത്തിനെതിരെ നടപടി ആവശ്യപ്പെട്ട് 32 ലിബറൽ പാർട്ടി എം.പിമാർ രംഗത്ത്. ലിബറൽ എം.പി. ആന്റണി ഹൗസ്ഫാദറും അദ്ദേഹത്തിന്റെ 31 സഹപ്രവർത്തകരുമാണ് ജൂത സമൂഹത്തിനെതിരെയുള്ള വിദ്വേഷത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രസ്താവനയിറക്കിയത്. ഒട്ടാവയിലെ ഒരു പലചരക്ക് കടയിൽ വെച്ച് ഒരു ജൂത വനിത കുത്തേറ്റു മരിച്ച സംഭവത്തിന് പിന്നാലെയാണ് എം.പിമാരുടെ പ്രസ്താവന. ഇത് ഒരു വിദ്വേഷ കുറ്റകൃത്യമായിട്ടാണ് പോലീസ് കണക്കാക്കുന്നത്.
കോൺവാൾ സ്വദേശിയായ 71-കാരൻ ജോസഫ് റൂക്ക് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എഴുപതുകളോട് അടുത്ത് പ്രായമുള്ള യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.മൂന്ന് വർഷം മുമ്പ് ഇത്തരം ഒരു സംഭവം ഞെട്ടലുണ്ടാക്കുമായിരുന്നെന്നും എന്നാൽ ഇന്ന് അതിന് വലിയ ഞെട്ടലില്ലെന്നും പ്രസ്താവനയിൽ പറയുന്നു. “സിനഗോഗുകൾ, ജൂത സ്കൂളുകൾ, സ്മാരകങ്ങൾ, ജൂത ഉടമസ്ഥതയിലുള്ള ബിസിനസുകൾ, ജൂത സാമൂഹിക സംഘടനകൾ, ഇപ്പോൾ ജൂത വ്യക്തികൾ എന്നിവർക്ക് നേരെയുള്ള ആക്രമണങ്ങളിലൂടെ ജൂതവിദ്വേഷം സാധാരണമായിക്കൊണ്ടിരിക്കുന്നു,” പ്രസ്താവനയിൽ എം.പിമാർ പറയുന്നു.
കാനഡയിൽ 2024-ൽ ജൂത വിഭാഗത്തിനെതിരെ 920 വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ടിൽ പറയുന്നു. 2022-ൽ ഇത് 527 ആയിരുന്നു. മറ്റ് മത വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ കുറ്റകൃത്യങ്ങളേക്കാൾ വളരെ കൂടുതലാണിത്. ഈ വിദ്വേഷം തടയാൻ എല്ലാ കനേഡിയൻ പൗരന്മാരും, സർക്കാരുകളും, നിയമപാലകരും, സ്കൂളുകളും, പൊതു സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ലിബറൽ എം.പിമാർ ആവശ്യപ്പെട്ടു.
മിഡിൽ ഈസ്റ്റിൽ നടക്കുന്ന സംഭവങ്ങളുടെ പേരിൽ കാനഡയിലെ ജൂത സമൂഹത്തെ ലക്ഷ്യമിടുന്നത് തെറ്റും അംഗീകരിക്കാനാവാത്തതും ജൂതവിരുദ്ധവുമാണെന്ന് പ്രസ്താവനയിൽ പറയുന്നു. കൂടാതെ, പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ആരാധനാലയങ്ങൾ, സ്കൂളുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ ക്രിമിനൽ കോഡിൽ മാറ്റങ്ങൾ വരുത്താനുള്ള നീക്കത്തെയും എം.പിമാർ പിന്തുണച്ചു.
അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി നേരത്തെ പറഞ്ഞിരുന്നു. ആക്രമണത്തെ അദ്ദേഹം അപലപിക്കുകയും ജൂത സമൂഹത്തോടൊപ്പം നിലകൊള്ളുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ദുർബലമായ സമൂഹങ്ങളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിനായി കാനഡ കമ്മ്യൂണിറ്റി സെക്യൂരിറ്റി പ്രോഗ്രാമിന്റെ വാർഷിക ബജറ്റ് വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.






