വാൻകൂവർ ദ്വീപിലെ പാർക്ക്‌സ്‌വില്ലിന് വടക്കായുള്ള ഡീപ് ബേയിൽ ബോട്ടിൽ സ്‌ഫോടനമുണ്ടായതിനെ തുടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു. സംഭവത്തിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ഡീപ് ബേ മറീനയിൽ സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
‘ദൂരെ നിന്നും വലിയ ശബ്ദം കേട്ടിരുന്നു,ഉടൻ തന്നെ സമീപവാസികൾ ബോട്ടിലുള്ളവരെ രക്ഷിക്കാനായി ഓടിയെത്തുകയായിരുന്നുവെന്ന്’ ഡീപ് ബേ ഫയർ റെസ്‌ക്യൂവിലെ ചീഫ് ജോർജ് ലെൻസ് പറഞ്ഞു. പൊള്ളലേറ്റ മൂന്ന് പേരിൽ രണ്ട്പേരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല, എന്നാൽ ഈ സ്ഫോടനത്തിൽ സമീപത്തെ മറ്റു കപ്പലുകൾക്കും നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതുപോലുള്ള ബോട്ട് സ്‌ഫോടനങ്ങൾ വളരെ അപൂർവമാണെന്ന് ചീഫ് ലെൻസ് പറഞ്ഞു. തന്റെ 34 വർഷത്തെ സേവനകാലത്ത് ഇത്തരത്തിൽ വളരെ കുറച്ച് സംഭവങ്ങളേ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






