പ്രസിഡന്റ് ട്രംപ് CUSMA-യിൽ ഉൾപ്പെടാത്ത ഇറക്കുമതി ചെയ്ത വാഹനങ്ങൾക്കും ചില സ്പെയർ പാർട്സുകൾക്കും മേൽ 25% താരിഫ് ഏർപ്പെടുത്തിയതോടെ,മിഷിഗണിലെ വാഹന ഡീലർഷിപ്പുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10-20 ശതമാനം വർധിച്ച വിൽപ്പന രേഖപ്പെടുത്തി.ജെറി ചെൻ പോലുള്ള ഉപഭോക്താക്കൾ പ്രതീക്ഷിച്ചതിലും നേരത്തെ വാഹനങ്ങൾ വാങ്ങാൻ തിരക്കുകൂട്ടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പുതിയ താരിഫ് ഘടന അമേരിക്കയിൽ നിർമ്മിച്ച കാറുകളുടെ വിലയിൽ 2,500-5,000 ഡോളർ വരെയും ഇറക്കുമതി ചെയ്ത വാഹനങ്ങളിൽ 20,000 ഡോളറിലേറെയും വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. ഈ താരിഫ് ആദ്യ വർഷം തന്നെ അമേരിക്കൻ ഉപഭോക്താക്കൾക്ക് 30 ബില്യൺ ഡോളറിന്റെ അധിക ബാധ്യത സൃഷ്ടിക്കുമെന്നും, ഇത് ഉപയോഗിച്ച കാറുകളുടെ വിലയിലും വർധനവുണ്ടാക്കുമെന്നും നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
“ഭാവിയിലെ വിലപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കയിൽ ഉപഭോക്താക്കൾ ഇപ്പോൾ തന്നെ വാഹനങ്ങൾ വാങ്ങുന്നുണ്ട്. ഭാവിയിലെ വില എങ്ങനെയാകുമെന്ന അനിശ്ചിതത്വം ഇപ്പോഴത്തെ വിൽപ്പനയെ ത്വരിതപ്പെടുത്തുന്നു,” എന്ന് ഡെട്രോയിറ്റിലെ പ്രമുഖ ഡീലർഷിപ്പ് ഉടമ ബോബ് പേജ് പറയുന്നു.
അമേരിക്കൻ ഉൽപാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ താരിഫ് നടപ്പാക്കുന്നതെങ്കിലും, കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും നിർമ്മാണ കേന്ദ്രങ്ങൾ അമേരിക്കയിലേക്ക് മാറ്റാൻ വർഷങ്ങളെടുക്കുമെന്നും, അതുവരെ ജനറൽ മോട്ടോഴ്സ്, ഫോർഡ്, സ്റ്റെലാന്റിസ് തുടങ്ങിയ നിർമ്മാതാക്കൾക്ക് ചുരുങ്ങിയ കാലയളവിൽ
വലിയ നഷ്ടം നേരിടേണ്ടി വരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.






