ഒട്ടാവ: ജെനറ്റിക് പരിശോധനാ രംഗത്തെ ആഗോള സ്ഥാപനമായ 23andMe-യുടെ ഡാറ്റാ സുരക്ഷാ വീഴ്ചയെ തുടർന്ന് കനേഡിയൻ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ക്ലാസ്-ആക്ഷൻ ഒത്തുതീർപ്പിന് ധാരണയായി. ഏകദേശം 4.49 മില്യൺ കനേഡിയൻ ഡോളർ നഷ്ടപരിഹാരത്തുക നൽകാനാണ് ഇരു കക്ഷികളുടെ നിർദ്ദേശം. രണ്ടു വർഷം മുമ്പ് നടന്ന വിവരച്ചോർച്ചയിൽ ഇരകളായ കനേഡിയൻ ഉപഭോക്താക്കൾ സമർപ്പിച്ച കേസുകളിലാണ് ഈ സുപ്രധാന തീരുമാനം.
2023 ഏപ്രിൽ മുതൽ അഞ്ചുമാസക്കാലയളവിനുള്ളിൽ ഹാക്കർമാർ നടത്തിയ സൈബർ ആക്രമണത്തിൽ ലോകമെമ്പാടുമുള്ള ഏഴു മില്യൺ ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുപോയതായി കാനഡയുടെ സ്വകാര്യതാ വിഭാഗം കഴിഞ്ഞ ജൂണിൽ സ്ഥിരീകരിച്ചിരുന്നു. കാനഡയിൽ നിന്നുള്ള 3,20,000 പേരുടെ വിവരങ്ങളും ഈ ചോർന്നുപോയ കൂട്ടത്തിലുണ്ട്. ആരോഗ്യം, വംശം, വംശീയത, ബന്ധുക്കളുടെ വിവരങ്ങൾ, ജനനത്തീയതി, ലിംഗഭേദം തുടങ്ങിയ അതീവ നിർണ്ണായകമായ വ്യക്തിഗത വിവരങ്ങളാണ് ഹാക്കർമാർ ചോർത്തിയത് .
2023 മെയ് 1-നും ഒക്‌ടോബർ 1-നും ഇടയിൽ 23andMe-യുടെ ഉപഭോക്താക്കളായിരിക്കുകയും തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുപോയതായി സ്ഥിരീകരണം ലഭിക്കുകയും ചെയ്ത കാനഡയിലെ താമസക്കാർക്കെല്ലാം ഈ ഒത്തുതീർപ്പിന്റെ ആനുകൂല്യം ലഭിക്കും. വിവരച്ചോർച്ച കാരണം അധികമായി ചെലവുകൾ വന്നതിന് രേഖാമൂലമുള്ള തെളിവുകൾ സമർപ്പിക്കാൻ കഴിയുന്നവർക്ക് 2,500 ഡോളർ വരെ നഷ്ടപരിഹാരമായി ലഭിക്കും. എന്നാൽ, തെളിവുകൾ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് ഏകദേശം 17.77 ഡോളർ വീതമാണ് ലഭിക്കുക. മൊത്തം നഷ്ടപരിഹാര തുകയിൽ നിന്ന് നിയമപരമായ ഫീസായി 33 ശതമാനം കിഴിവ് ചെയ്യുന്നതായിരിക്കും.
വിവാദപരമായ അവകാശവാദങ്ങൾ നിയമപരമായി പരിഹരിക്കുന്നതിനുള്ള ഒരു “ഒത്തുതീർപ്പ്” മാത്രമാണിതെന്നും, ഇത് കമ്പനിയുടെ ഭാഗത്തുനിന്നുള്ള കുറ്റസമ്മതമായി കണക്കാക്കാനാവില്ലെന്നും പത്രക്കുറിപ്പിൽ ഊന്നിപ്പറയുന്നു. കമ്പനിക്കെതിരെയുള്ള ആരോപണങ്ങളെ നിഷേധിക്കുന്നതായും, നിയമപരമായ എല്ലാ നടപടികളെയും ശക്തമായി പ്രതിരോധിക്കുമെന്നും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ 23andMe കൂട്ടിച്ചേർത്തു. നിലവിലെ ഒത്തുതീർപ്പ് നിർദ്ദേശം പ്രാബല്യത്തിൽ വരണമെങ്കിൽ, അമേരിക്കയിലെയും കാനഡയിലെയും ബങ്കറുപടിസി കോടതികളുടെ (Bankruptcy Court) അന്തിമ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
23andMe data breach: Canadian customers receive $4.49 million in compensation settlement






