ടൊറന്റോ:ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ ഇന്ത്യൻ വംശജരെയും ബിസിനസുകാരെയും ഉൾപ്പെടെ ഭീതിയിലാഴ്ത്തിയ വൻ കൊള്ളസംഘത്തെ പീൽ റീജിയണൽ പോലീസ് തകർത്തു. ദക്ഷിണേഷ്യൻ ബിസിനസ്സ് ഉടമകളെ ലക്ഷ്യമിട്ട് വൻതോതിൽ പണം തട്ടുകയും അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്ത അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലയിലെ 17 പേരാണ് പിടിയിലായത്. ഇവർക്കെതിരെ 106 ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ബ്രാംപ്ടൺ, കാലിഡൻ, മിസിസാഗ എന്നീ നഗരങ്ങളിലെ റസ്റ്റോറന്റുകൾ, ട്രക്കിംഗ് കമ്പനികൾ എന്നിവയ്ക്ക് നേരെയായിരുന്നു ഇവരുടെ പ്രധാന ആക്രമണങ്ങൾ. പണം നൽകാൻ വിസമ്മതിച്ച ബിസിനസുകാരുടെ വീടുകൾക്ക് നേരെ വെടിവയ്പ്പും തീവെപ്പും ഉൾപ്പെടെയുള്ള അതിക്രമങ്ങളാണ് ഇവർ നടത്തിയത്.
പിടിയിലായവർക്ക് ‘ഫോർ ബ്രദേഴ്സ്’ എന്ന അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലയുമായി ശക്തമായ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകൾക്ക് പുറമെ അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചും ഈ സംഘം പ്രവർത്തിക്കുന്നുണ്ട്. ഇതൊരു പ്രാദേശിക കുറ്റകൃത്യമല്ലെന്നും അന്താരാഷ്ട്ര തലത്തിൽ വേരുകളുള്ള മാഫിയയാണെന്നും കനേഡിയൻ-അമേരിക്കൻ ഏജൻസികളുടെ സംയുക്ത നീക്കത്തിലൂടെയാണ് ഇവരെ പൂട്ടാനായതെന്നും പീൽ റീജിയണൽ പോലീസ് ചീഫ് നിഷാൻ ദുരൈയപ്പ വ്യക്തമാക്കി.
പിടിയിലായവരിൽ കാനഡയിലെ ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ച ആറ് പേർക്കെതിരെ കാനഡ ബോർഡർ സർവീസസ് ഏജൻസി കർശന നടപടി സ്വീകരിച്ചു കഴിഞ്ഞു. ഇതിൽ മൂന്ന് പേരെ ഇതിനകം തന്നെ കാനഡയിൽ നിന്നും നാടുകടത്തി. ബാക്കിയുള്ളവർ നിലവിൽ കസ്റ്റഡിയിലാണ്. ഈ ഗുണ്ടാസംഘത്തിന്റെ നിരന്തരമായ ഭീഷണിയും അക്രമവും കാരണം നിരവധി ബിസിനസുകാരും ദക്ഷിണേഷ്യൻ കുടുംബങ്ങളും പീൽ റീജിയണിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാൻ നിർബന്ധിതരായതായി ബ്രാംപ്ടൺ ഡെപ്യൂട്ടി മേയർ ചൂണ്ടിക്കാണിച്ചു. കാനഡയിലെ ഭക്ഷിണേന്ത്യൻ കമ്മ്യൂണിറ്റിക്കും ഏറെ ആശ്വാസം നൽകുന്നതാണ് പോലീസിന്റെ ഈ വൻ വേട്ട. അതിക്രമങ്ങൾ നേരിടുന്നവർ ഒട്ടും ഭയപ്പെടാതെ പോലീസിനെ സമീപിക്കണമെന്ന് പീൽ പോലീസ് അറിയിച്ചിട്ടുണ്ട്.
Peel police make 17 arrests in extortion investigation targeting South Asian businesses
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





