കാനഡയിലെ പിടികിട്ടാപ്പുള്ളികളിലൊരാളായ ജോനാഥൻ ഒലെറ്റ്-ജെൻഡ്രോൺ മോൺട്രിയൽ വിമാനത്താവളത്തിൽ വെച്ച് പിടിയിലായി. കൊലപാതകത്തിലും മയക്കുമരുന്ന് കടത്തിലും പ്രതിയായ ഇയാൾ 2022 മുതൽ ഒളിവിൽ കഴിയുകയായിരുന്നു. കാനഡ പൊലീസ് തിരയുന്ന 25 കുറ്റവാളികളുടെ പട്ടികയിൽ പത്താം സ്ഥാനത്തുള്ളയാളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
ക്യുബെക്ക് പ്രവിശ്യാ പോലീസ് പറയുന്നതനുസരിച്ച്, കാനഡയിലേക്ക് മടങ്ങിയെത്തിയ ഇയാളെ മോൺട്രിയലിലെ ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. എസ്.ക്യു. എയർപോർട്ട് യൂണിറ്റിലെ ഉദ്യോഗസ്ഥരും കാനഡ ബോർഡർ സർവീസസ് ഏജൻസിയും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ വലയിലായത്.
2022 മെയ് മാസത്തിൽ സസ്കാറ്റൂൺ പോലീസ് സർവീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, മെൽറോസ് അവന്യൂവിലെ 700-ാമത് ബ്ലോക്കിൽ നടന്ന ഒരു കൊലപാതകത്തിൽ ഒലെറ്റ്-ജെൻഡ്രോൺ (36) ഒരു പ്രതിയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 2023 മെയ് മാസത്തിൽ കാനഡയിലെ 25 കുറ്റവാളികളുടെ പട്ടികയായ ബോളോ പ്രോഗ്രാമിൽ ഇയാളെ ഉൾപ്പെടുത്തി.
2022 മെയ് മാസത്തിൽ സസ്കാറ്റൂൺ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ, 700 മെൽറോസ് അവന്യൂവിൽ വെച്ച് 29-കാരനായ ബ്രാൻഡൻ ബാക്‌സാൻഡൽ എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പറയുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഒലെറ്റ്-ജെൻഡ്രോൺ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തി. ഇയാൾ തോക്കുധാരിയാണെന്നും സമീപിക്കാൻ ശ്രമിക്കരുതെന്നും പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് അബ്ദുല്ല അലിക്ക് കഴിഞ്ഞ വർഷം മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ആറ് വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പോലീസ് കഴിഞ്ഞ വർഷം യൂട്യൂബിൽ ഒരു വീഡിയോയായി പങ്കുവെച്ചിരുന്നു.
10th most wanted man in Canada arrested at Montreal airport



